

ന്യൂഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിച്ച കാര്‍ സ്‌ഫോടനം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണ് ചാവേര്‍ ആയി പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്‌ഫോടനത്തിന് ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഫരീദാബാദിലെ ആശുപത്രിയില്‍ ഒളിപ്പിച്ച 360 കിലോ ആര്‍ഡിഎക്‌സ്, എകെ 47 തോക്ക്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ കഴിഞ്ഞദിവസം അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ഫരീദാബാദില്‍ നിന്നും ബദര്‍പൂര്‍ അതിര്‍ത്തി കടന്നാണ് കാര്‍ ഡല്‍ഹിയിലെത്തിയത്. കാറില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഘാംഗങ്ങള്‍ പിടിയിലായതിന്റെ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയതാണെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഔട്ടര്‍ റിങ് റോഡു വഴിയെത്തിയ കാര്‍ ചെങ്കോട്ടയ്ക്ക് സമീപം മൂന്നുമണിക്കൂറാണ് നിര്‍ത്തിയിട്ടത്. എന്നാല്‍ ഇയാള്‍ ഒരിക്കല്‍ പോലും കാറിന് പുറത്തിറങ്ങിയില്ലെന്നും പൊലീസ് പറയുന്നു.
ചാവേറായ ഉമറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24 നാണ് ഉമര്‍ മുഹമ്മദിന്റെ ജനനം. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. തുടര്‍ന്ന് അനന്ത് നാഗ് മെഡിക്കല്‍ കോളജില്‍ സിനിയര്‍ റെസിഡന്റായി ജോലി ചെയ്തു. നിലവില്‍ ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഉമര്‍ മുഹമ്മദ്. പാക് ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന, ഡോ. ഉമറിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരമായ ഡോക്ടര്‍ അദീര്‍ അഹമ്മദ് റാത്തര്‍, ഡോക്ടര്‍ മുജമ്മില്‍ ഷക്കീല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം നടത്തിയ നിരന്തര അന്വേഷണങ്ങള്‍ക്കൊടുവിലാണ്, ഭീകരസംഘങ്ങളുടെ വൈറ്റ് കോളര്‍ മൊഡ്യൂളില്‍പ്പെട്ടവരെ പിടികൂടുന്നത്. മൊഡ്യൂളിലെ സുഹൃത്തുക്കള്‍ പിടിയിലായെന്നും, 2, 900 കിലോ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തെന്നും അറിഞ്ഞതോടെയാണ് ഡോ. ഉമര്‍ പരിഭ്രാന്തനായത്. ആക്രമണം നടത്താന്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉമര്‍ മുഹമ്മദും കൂട്ടാളികളും ഉപയോഗിച്ചത്. കാറില്‍ ഒരു ഡിറ്റണേറ്റര്‍ സ്ഥാപിച്ച് ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്ത് ഭീകരാക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates