ലഖ്നൗ: പെൺകുട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് പിടിയിൽ. വിനീത് മിശ്ര (26) എന്നയാളാണ് പിടിയിലായത്. ലഖ്നൗ പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റ് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 400-ഓളം പെൺകുട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പ്രതി ഹാക്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അക്കൗണ്ട് ഹാക്കിങ്ങിന് ഇരയായ ഒരു പെൺകുട്ടി പരാതിയുമായി സമീപിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരാൾ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് സൈബർ പൊലീസ് ശാസ്ത്രീയമായ അന്വേഷിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
വിനീത് മിശ്രയുടെ ലാപ്ടോപ് പരിശോധിച്ചതോടെയാണ് ഇയാൾ കൂടുതൽ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയത്. ഏകദേശം നാനൂറോളം പെൺകുട്ടികളുടെ അക്കൗണ്ടുകൾ ഇയാൾ ഹാക്ക് ചെയ്തതായും കണ്ടെത്തി. എട്ടാംക്ലാസിൽ പഠനം നിർത്തിയ വിനീത് മിശ്ര യൂട്യൂബ് വീഡിയോകളിലൂടെയാണ് ഹാക്കിങ് രീതികൾ പഠിച്ചത്.
പെൺകുട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി ഇവർക്കെല്ലാം ഒരു ലിങ്ക് അയക്കുന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. ഈ ലിങ്കിൽ പ്രവേശിച്ചാൽ തന്റെ കൈവശമുള്ള നിങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ കാണാമെന്ന സന്ദേശവും അയക്കും. ഇതോടെ പരിഭ്രാന്തരാകുന്ന പെൺകുട്ടികൾ ലിങ്ക് ക്ലിക്ക് ചെയ്യും. ലിങ്കിൽ പ്രവേശിക്കണമെങ്കിൽ ഇ- മെയിൽ ഐഡിയും പാസ് വേർഡും നൽകണമെന്ന് ആവശ്യപ്പെടും. ഇത് നൽകുന്നതോടെ ഈ വിവരങ്ങളെല്ലാം യുവാവിന് അതേപടി ലഭിക്കും. പിന്നീട് ഇതുപയോഗിച്ചാണ് പെൺകുട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പ്രതി ഹാക്ക് ചെയ്തിരുന്നത്.
അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിന് പിന്നാലെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഡൗൺലോഡ് ചെയ്തെടുക്കും. പലരുടെയും സ്വകാര്യ വീഡിയോകളും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്തിരുന്നു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശമാകും പെൺകുട്ടികൾക്ക് ലഭിക്കുന്നത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തും. സ്വകാര്യ ചിത്രങ്ങൾ പരസ്യമാകുമെന്ന് ഭയന്ന് മിക്കവരും പ്രതിക്ക് ആവശ്യപ്പെടുന്ന പണം നൽകുകയായിരുന്നു പതിവ്.
പ്രതിയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates