

ന്യൂഡൽഹി: പരീക്ഷയിൽ പ്രതീക്ഷിച്ച റിസൾട്ട് കിട്ടാത്തതും എൻട്രൻസ് പരീക്ഷയിലെ പരാജയവുമടക്കം പഠനകാലത്ത് കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ നിരവധിയാണ്. പ്രതീക്ഷിച്ച കോഴ്‌സിന് അഡ്മിഷൻ ലഭിക്കാത്തതും കൂട്ടുകാർക്കെല്ലാം മികച്ച മാർക്കുകൾ ലഭിക്കുന്നതുമടക്കം നിരാശ വർദ്ധിപ്പിച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷയറ്റ് ചിലപ്പോൾ സ്വന്തം ജീവനെടുക്കാൻ പോലും അവർ മുതിർന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർത്ഥികളോട് സഹായവും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ച് കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം.
യുഎംഇഇഡി (UMMEED - Understand, Motivate, Manage, Empathize, Empower, and Develop), കുട്ടികളെ മനസ്സിലാക്കുക, പ്രചോദിപ്പിക്കുക, അവരെ എങ്ങനെ കൈകാര്യം ചെയ്യണം, സഹാനുഭൂതി പ്രകടിപ്പിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മാർഗ്ഗനിർദേശങ്ങളിൽ പറയുന്നത്. വിദ്യാർത്ഥികളെ ശാക്തീകരിക്കാനും അവരുടെ വളർച്ചയ്ക്കും വേണ്ട അനുകൂല സാഹചര്യങ്ങൾ ഒരുക്കുക എന്നതുമാണ് UMMEED കൊണ്ടുദ്ദേശിക്കുന്നത്. സ്‌കൂളുകളിൽ ഒരു വെൽനസ് ടീം (എസ് ഡബ്ലൂ ടി) ആരംഭിക്കേണ്ടതിനെക്കുറിച്ചും മാർഗ്ഗനിർദേശങ്ങളിൽ പറയുന്നുണ്ട്. സ്വയം അപകടത്തിലാക്കുമെന്ന സൂചനകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്താനും അവർക്ക് ഉടനടി സഹായം ഉറപ്പാക്കാനും വേണ്ടിയാണ് വെൽനസ് ടീം.
ആത്മഹത്യ തടയാനും ആത്മഹത്യാ പ്രവണതകൾ മൂലം അപമാനം തോന്നുന്നത് കുറയ്ക്കാനുമൊക്കെ കുട്ടികൾക്ക് ശക്തമായ പിന്തുണ ആവശ്യമാണ്. ഇതിനായി മികച്ച സാമൂഹിക പിന്തുണ ഉറപ്പാക്കാൻ സ്കൂളുകൾ, രക്ഷിതാക്കൾ, സമൂഹം എന്നിവർക്കിടയിൽ ശക്തമായ ബന്ധം വേണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. കുട്ടികളെ പരസ്പരം താരതമ്യപ്പെടുത്തുന്നതും പരാജയങ്ങൾ എന്നും നിലനിൽക്കുന്നവയാണെന്ന തരത്തിലുള്ള വിധിയെഴുത്തലുകളും പഠനമികവിനെ മാത്രം മുൻനിർത്തി വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതുമെല്ലാം അവസാനിപ്പിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. അതോടൊപ്പം ഒഴിഞ്ഞ ക്ലാസ്മുറികളിൽ സുരക്ഷ ശക്തമാക്കുക, ഇരുട്ടുനിറഞ്ഞ വരാന്തകളിൽ വെളിച്ചം എത്തിക്കുക, നല്ല പൂന്തോട്ടം ഒരുക്കുക തുടങ്ങിയ ചില പ്രായോഗിക കാര്യങ്ങളെക്കുറിച്ചും മാർഗ്ഗനിർദേശത്തിൽ പറയുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates