

ന്യൂഡല്‍ഹി: 140 കോടി ഇന്ത്യക്കാരുടെ ഊര്‍ജ്ജ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. വിപണി സാഹചര്യങ്ങളും അന്താരാഷ്ട്ര രംഗത്തെ മാറ്റങ്ങളും കണക്കിലെടുത്ത് ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇത് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തി അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'140 കോടി ഇന്ത്യക്കാരുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ നിരവധി തവണ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതിനായി ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്ന തന്ത്രമാണ് സ്വീകരിച്ച് വരുന്നത്. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇത് മനസ്സില്‍ വെച്ചുകൊണ്ട് എടുത്തതാണ്. ഇക്കാര്യം മനസില്‍ വെച്ചുകൊണ്ട് തന്നെ ഇനി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.'- ജയ്‌സ്വാള്‍ പറഞ്ഞു.
'വെനസ്വേലയെ സംബന്ധിച്ചിടത്തോളം, വ്യാപാര മേഖലയിലും നിക്ഷേപ മേഖലയിലും അവര്‍ ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിയാണ്. 2019-20 വരെ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം നിര്‍ത്തേണ്ടിവന്നു. 2023-24ല്‍ വീണ്ടും വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. പക്ഷേ വെനസ്വേലയ്‌ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനുശേഷം എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് വീണ്ടും നിര്‍ത്തേണ്ടിവന്നു. ഊര്‍ജ്ജ സുരക്ഷയോടുള്ള സമീപനത്തിന്റെ ഭാഗമായി വെനസ്വേല ഉള്‍പ്പെടെ ഏത് എണ്ണ വിതരണത്തിന്റെയും വാണിജ്യ ഗുണങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്'- വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
'അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു. പകരച്ചുങ്കം കുറച്ചതിന് പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ 18 ശതമാനം എന്ന കുറഞ്ഞ താരിഫില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഈ വ്യാപാര കരാര്‍ അമേരിക്കയിലേക്കുള്ള നമ്മുടെ കയറ്റുമതിക്ക് വലിയ ഉത്തേജനം നല്‍കും. ഇന്ത്യയിലെ തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഇത് ഒരു വലിയ ഉത്തേജനമായിരിക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ ജനങ്ങളുടെ വളര്‍ച്ചയും സമൃദ്ധിയും സൃഷ്ടിക്കും. താരിഫിന്റെ അന്തിമ കണക്ക് 18 ശതമാനമാണെന്ന് യുഎസ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.'- ജയ്‌സ്വാള്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates