

ന്യൂഡല്‍ഹി: ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കാന്‍ സമൂഹ അടുക്കള തുറക്കുന്നതിന് നയം ഉണ്ടാക്കമെന്നാവശ്യപ്പെട്ട് അനൂന്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിശോധിച്ചശേഷമാണ് അവസാന അവസരമെന്ന നിലയ്ക്ക് കേന്ദ്രത്തിന് ഒരിക്കല്‍ക്കൂടി സമയം അനുവദിച്ചത്.
സമൂഹ അടുക്കളയ്ക്ക് സമഗ്രമായപദ്ധതി കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴില്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെയെങ്കില്‍ അത് നിയമത്തിനു കീഴിലാക്കണം. അങ്ങനെ ചെയ്താല്‍ പിന്നീട് സര്‍ക്കാരിന്റെ നയംമാറ്റംകൊണ്ട് പദ്ധതി ഇല്ലാതാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഉപഭോക്തൃ, ഭക്ഷ്യ, പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ഫയല്‍ ചെയ്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഫയല്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. സമൂഹഅടുക്കള സംബന്ധിച്ച് വ്യക്തമായ നയത്തിന് രൂപം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം കേന്ദ്രത്തിന്റെ 17 പേജുള്ള സത്യവാങ്മൂലത്തില്‍ ഒരിടത്തും പറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
അഞ്ചു വയസ്സിന് താഴെയുള്ള ഒട്ടേറെ കുട്ടികളാണ് വിശപ്പും പോഷകാഹാരക്കുറവും കാരണം രാജ്യത്ത് പ്രതിദിനം മരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. തമിഴ്‌നാട്, ആന്ധ്ര, ഉത്തരാഖണ്ഡ്, ഒഡിഷ, ജാര്‍ഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ സമൂഹ അടുക്കളകള്‍ നടത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates