

ദിസ്പൂര്‍: മുന്‍ കാമുകന്റെ പ്രതികാരം യുവതിയെ ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ യുവാക്കളുടെ ഹരമാക്കി മാറ്റി. ഒപ്പം എഐ സാങ്കേതിക വിദ്യ അതിരുകടക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയായി. എഐ ടൂള്‍ ഉപയോഗിച്ച് അസം യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുന്‍ കാമുകനും സഹപാഠിയുമായ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്
പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.
വിവാഹിതയായ യുവതി തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.'യുവതി ഞങ്ങള്‍ക്ക് പരാതി നല്‍കിയപ്പോള്‍, ഒരു ഇന്‍സ്റ്റഗ്രാം പേജ് റഫറന്‍സായി നല്‍കി. അതിന്റെ വിശദാംശങ്ങള്‍ തേടിയപ്പോള്‍ ഒരു കോണ്‍ടാക്റ്റ് നമ്പര്‍ കണ്ടെത്തി. അങ്ങനെ ഞങ്ങള്‍ അയാളെ കണ്ടെത്തി, അറസ്റ്റ് ചെയ്തു. പ്രോതിം ബോറയെ അറിയുമോയെന്ന് ഞങ്ങള്‍ യുവതിയോട് ചോദിച്ചു. അവര്‍ ഒരുമിച്ച് പഠിച്ചിരുന്നതായും മുന്‍പരിചയം ഉണ്ടായിരുന്നതായും അവര്‍ സ്ഥിരീകരിച്ചു.' എഎസ്പി അഗര്‍വാള്‍ പറഞ്ഞു.
2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്‌ജേണി തുടങ്ങിയ എഐ സോഫ്റ്റ്വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.
ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു. പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിര്‍മ്മിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates