

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയതായി വിദഗ്ധര്‍. ഒരു ഇടവേളയ്ക്ക് ശേഷം നവംബര്‍ 16ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28000ലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനയായി കാണാമെന്നും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസമായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഈ സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന, ദേശീയ കണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത് ദേശീയ തലത്തില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകളായി വിലയിരുത്താമെന്ന് ആരോഗ്യ വിദഗ്ധന്‍ റിജോ എം ജോണ്‍ പറയുന്നു.
പല സംസ്ഥാനങ്ങളിലും മരണനിരക്കും ഉയര്‍ന്നിട്ടുണ്ട്. കേരളം, ഒഡീഷ, ബിഹാര്‍, അസം, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് മരണനിരക്ക് ഉയര്‍ന്നത്. ആദ്യ തരംഗത്തെ നിയന്ത്രണവിധേയമാക്കുന്നതില്‍ നിര്‍ണായക പങ്കുവെച്ച സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ നേരിയ അലംഭാവം കാണിച്ചാലും പ്രത്യാഘാതം ഗുരുതരമായിരിക്കും. കോവിഡ് കേസുകളുടെ എണ്ണം ഉയരാന്‍ ഇത് ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് രണ്ടാം തരംഗം നവംബര്‍ അവസാനത്തിനും ഡിസംബര്‍ ആദ്യത്തിനും ഇടയില്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വാക്‌സിന്‍ വരുന്നതിന് മുന്‍പ് ഇത്തരത്തില്‍ ഒന്നിലധികം തവണ കോവിഡ് കേസുകള്‍ ഉയരങ്ങളില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. കേസുകളുടെ എണ്ണം ഉയര്‍ന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ പിന്‍വലിക്കേണ്ടതായി വരാം. ഹരിയാന, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. രണ്ടാമത്തെ തരംഗം സുനാമിയായി മാറാമെന്നാണ് മഹാരാഷ്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates