

ന്യൂഡല്‍ഹി: വീണ്ടും ചൂടേറിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്, ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണയം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പാണ്, ഈ വിഷയത്തെ വീണ്ടും ദേശീയ മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. 2021 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍ നിര്‍ണയം നടത്തിയാല്‍ തമിഴ്‌നാടിനും മറ്റു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ കുറവു വരുമെന്നാണ് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നത്. 2026 മുതല്‍ 30 വര്‍ഷത്തേക്കു കൂടി, 1971ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍ നിര്‍ണയം തുടരണമെന്ന് സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുകയാണിവിടെ.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ 1971 സെന്‍സസ് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
2021 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള അതിര്‍ത്തി നിര്‍ണയം ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമല്ലാത്ത രീതിയില്‍ ഗുണം ചെയ്യുമെന്നതാണ് ഇവരുടെ ആശങ്ക. ജനസംഖ്യാ വളര്‍ച്ച ഫലപ്രദമായി നിയന്ത്രിച്ച തമിഴ്നാട്, കേരളം, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടമാകില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. ഏറ്റവും പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി നിര്‍ണയം നടത്തുന്നതെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും വടക്കന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറയുന്നു.
543 എന്ന അംഗബലം
1952, 1962,1972, 2022 വര്‍ഷങ്ങളിലാണ് ലോകസഭാ മണ്ഡപുനര്‍നിര്‍ണയം നടന്നത്. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് നിലവിലെ ലോക്‌സഭയുടെ 543 എന്ന അംഗബലം. അതിനുശേഷം അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നിട്ടില്ല. ഭരണഘടനാ ഭേദഗതി പ്രകാരം 2001 വരെയുള്ള 25 വര്‍ഷത്തേക്ക് അതിര്‍ത്തിനിര്‍ണയം മരവിപ്പിക്കുകയായിരുന്നു. പിന്നീട് ഇത് 2026 വരെ നീട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 82 പ്രകാരം 2026ന് ശേഷമുള്ള സെന്‍സസ് അടിസ്ഥാനമാക്കിയേ അതിര്‍ത്തി നിര്‍ണയം നടത്താന്‍ കഴിയുകയുള്ളു. ഇതിനായി സര്‍ക്കാര്‍ സെന്‍സസ് നടത്തണം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ല്‍ നടക്കേണ്ട സെന്‍സസ് അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്.
പഠനങ്ങള്‍ പറയുന്നത്
പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി നിര്‍ണയം നടക്കുന്നതെങ്കില്‍ കര്‍ണാടകയിലെ ലോക്‌സഭാ സീറ്റ് 28ല്‍ നിന്ന് 26 ആയും, ആന്ധ്രാപ്രദേശില്‍ സീറ്റുകള്‍ 42ല്‍ നിന്ന് 34 ആയും കേരളത്തിലെ സീറ്റുകള്‍ 20ല്‍ നിന്ന് 12 ആയും കുറയാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനസംഖ്യാവളര്‍ച്ച കൂടുതലായതിനാല്‍ അവിടെ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകും. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യ അവകാശങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഈ സംസ്ഥാനങ്ങള്‍ വാദിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളില്‍ സീറ്റുകളുടെ എണ്ണം 19 ശതമാനം കുറയുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് 60 ശതമാനം വരെ ഉയരാമെന്നാണ് ചില സര്‍വേകള്‍ അഭിപ്രായപ്പെടുന്നത്.
യുക്തിസഹമായ ഫോര്‍മുല വേണം
അതിര്‍ത്തി നിര്‍ണയം നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യുക്തിസഹമായ ഫോര്‍മുല ആവിഷ്‌കരിക്കണമെന്ന് ഭരണഘടന വിദഗ്ധന്‍ പിഡിടി ആചാരി പറയുന്നു. 30 വര്‍ഷത്തേക്ക് ലോക്സഭാ സീറ്റുകളുടെ അതിര്‍ത്തി നിര്‍ണ്ണയത്തിന് 1971 അടിസ്ഥാനമാക്കാനുള്ള നിര്‍ദ്ദേശം പ്രശ്നത്തിന് പരിഹാരമല്ലെന്ന് ആചാരി പറയുന്നു. 'ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കും, ഒരു പരിഹാരം ഉടനടി കണ്ടെത്തേണ്ടതുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത ജനസംഖ്യയുള്ളതിനാല്‍ ഒരു പൊതു ഫോര്‍മുല ഉണ്ടാകില്ല,' അദ്ദേഹം പറയുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരൊറ്റ ഫോര്‍മുല ആവാം. അത് ജനസംഖ്യാ നിയന്ത്രണം പോലെ ഈ സംസ്ഥാനങ്ങള്‍ മുന്നേറ്റമുണ്ടാക്കിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറയുന്നു. 'ഒരു ലോക്‌സഭാ മണ്ഡലത്തിന്, 10 ലക്ഷം എന്നതാണ് ശരാശരി ജനസംഖ്യ. എന്നാല്‍ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ചണ്ഡീഗഡ് തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളിലെ ജനസംഖ്യ ഒരു ലക്ഷം പോലും കടക്കാന്‍ സാധ്യതയില്ല. എന്നിട്ടും അവ ഒരു ലോക്‌സഭാമണ്ഡലമാണ്, 20 ലക്ഷമുള്ളവരുടെ അതേ ജനവിധിയാണ് അവര്‍ക്കും ഉള്ളത്. അതിനാല്‍, പുതിയ ഫോര്‍മുലയില്‍ ഈ വ്യത്യാസം കൊണ്ടുവരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മണ്ഡലങ്ങളുടെ എണ്ണം 2026മുതല്‍ അടുത്ത 30 വര്‍ഷത്തേക്ക് അതേപടി നിലനിര്‍ത്തണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യ അവകാശങ്ങള്‍ക്കും ഭീഷണിയാകുമെന്നും സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. പുനർനിർണയം നടത്തേണ്ടിവന്നാൽത്തന്നെ തമിഴ്‌നാട് അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ നിലവിലുള്ള എണ്ണത്തിന് ആനുപാതികമായി വർധിപ്പിക്കണമെന്നും യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
