പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അവിഹിത ബന്ധമുള്ളവര്‍ നല്ല അമ്മയാവില്ലെന്ന് എങ്ങനെ പറയാനാവും?: ഹൈക്കോടതി

അവിഹിത ബന്ധമുള്ളവര്‍ നല്ല അമ്മയാവില്ലെന്ന് എങ്ങനെ പറയാനാവും?: ഹൈക്കോടതി
Published on



ചണ്ഡിഗഢ്: ഒരു സ്ത്രീക്കു വിവാഹേതര ബന്ധമുണ്ട് എന്നത് അവര്‍ നല്ല അമ്മയാവില്ലെന്ന നിഗമനത്തില്‍ എത്താന്‍ കാരണമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിക്കുന്നതിന് ഇത്തരം വാദങ്ങള്‍ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫത്തേഗഢ് സാഹിബ് സ്വദേശിയായ യുവതി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അനുപിന്ദര്‍ സിംഗ് ഗരേവാളിന്റെ നിരീക്ഷണം. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ സ്വഭാവ മഹിമയ്ക്കു മേല്‍ ഇത്തരം ആക്ഷേപങ്ങള്‍ പതിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിലുള്ള മുന്‍ ഭര്‍ത്താവിന്റെ കൂടെയുള്ള നാലര വയസ്സുകാരിയായ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത മുന്‍ ഭര്‍ത്താവ് യുവതിക്കു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇതു തള്ളിയ കോടതി കുട്ടിയെ വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സ്ത്രീകളുടെ സ്വഭാവ മഹിമയുടെ നേരെ ഇത്തരം ആക്ഷേപങ്ങള്‍ പാട്രിയാര്‍ക്കല്‍ ആയ സമൂഹത്തില്‍ പതിവാണ്. സ്ത്രീക്ക് ഇത്തരം ഒരു ബന്ധം ഉണ്ടെങ്കില്‍ തന്നെ അവര്‍ നല്ല അമ്മയാവില്ല എന്ന നിഗമനത്തില്‍ എത്താനാവില്ല. അതുകൊണ്ട് ഇത്തരമൊരു കേസില്‍ യുവതിയുടെ മറ്റു ബന്ധങ്ങള്‍ പരിശോധിക്കേണ്ട കാര്യം തന്നെയില്ലെന്ന് കോടതി പറഞ്ഞു.

സ്വഭാവ രൂപീകരണം നടക്കുന്ന പ്രായത്തില്‍ കുട്ടിക്ക് അമ്മയുടെ സ്‌നേഹവും പരിചരണവും സാമീപ്യവും വേണം. ഹിന്ദു രക്ഷാകര്‍തൃ നിയമത്തിലെ വകുപ്പ് ആറ് അനുസരിച്ച് അമ്മ കുട്ടിയുടെ സ്വാഭാവിക രക്ഷിതാവ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com