

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അന്തിമ വിലയിരുത്തല്‍. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സംവിധാനങ്ങളില്‍ ഒരു സാങ്കേതിക തകരാറും കണ്ടെത്താനായില്ല. സ്വിച്ചുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. തകരാറുള്ളതായ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും യു എസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പറന്നുയര്‍ന്ന നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും 'റണ്‍' സ്ഥാനത്ത് നിന്ന് 'കട്ട്ഓഫ്'ലേക്ക് മാറി. ഇതുമൂലം രണ്ട് എഞ്ചിനുകളുടെയും പവര്‍ നഷ്ടപ്പെട്ടു. 10 മുതല്‍ 14 സെക്കന്‍ഡിനുള്ളില്‍ സ്വിച്ചുകള്‍ 'റണ്‍' മോഡിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും എഞ്ചിനുകള്‍ക്ക് പറക്കലിന് മതിയായ ശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ആരാണെന്ന് ഒരു പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്ന കോക്പിറ്റ് വോയ്‌സ് റെക്കോഡിങ്ങുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
എന്നാല്‍ താനല്ല സ്വിച്ച് ഓഫ് ചെയ്തതെന്നാണ് മറ്റേ പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. ഇതോടെ, വിമാനദുരന്തത്തിന് പിന്നില്‍ ബോധപൂര്‍വമായ അട്ടിമറിയാണോയെന്ന സംശയവും ഉയര്‍ന്നിരുന്നു. ഈ സംശയം ഉറപ്പിക്കുന്ന തരത്തില്‍, സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും, മെക്കാനിക്കല്‍ തകരാറുകളൊന്നും ഇന്ധന കട്ട്ഓഫിലേക്ക് നയിച്ചില്ലെന്നും എഫ്എഎയുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.
വിമാനത്തിന്റെ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തതുപോലെ പ്രവര്‍ത്തിച്ചുവെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്ഫോര്‍ഡ് പറഞ്ഞു. അപകടമുണ്ടായ വിമാനത്തിന്റെ ഇന്ധന സംവിധാനങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബോയിങ്ങും സ്ഥിരീകരിച്ചു. ഇതോടെ അപകടത്തില്‍ മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യം കൂടി ഇന്ത്യന്‍ എഎഐബി അന്വേഷണം നടത്തുന്നുണ്ട്. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെയും (എന്‍ടിഎസ്ബി) യുകെയിലെ എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെയും (എഎഐബി) പിന്തുണയോടെ ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് അന്വേഷണം നടത്തുന്നത്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട് വിക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ്, ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. അപകടത്തില്‍ 260 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും 19 സാധാരണക്കാരും അപകടത്തില്‍ മരിച്ചു. വിമാനദുരന്തത്തില്‍, വിമാനയാത്രക്കാരനായ 27 കാരനായ വിശ്വാസ് കുമാര്‍ രമേഷ് എന്നയാള്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തില്‍ മലയാളി നഴ്‌സ് രഞ്ജിത, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
