ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് അന്തര്‍ദേശീയ ശ്രദ്ധ നേടുന്നതിനിടെ പിന്തുണയുമായി രംഗത്തെത്തിയവരെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖര്‍ നടത്തിയ പ്രതികരണങ്ങള്‍ കൃത്യതയില്ലാത്തതും ഉത്തരവാദിത്തരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.
നിക്ഷിപ്ത താല്‍പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്. ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്‌കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്, പ്രസ്താവനയില്‍ പറയുന്നു.
സെലിബ്രിറ്റികളും മറ്റും പുറത്തുവിടുന്ന വൈകാരികമായ സോഷ്യല്‍ മീഡിയ ഹാഷ്ടാഗുകളും കമന്റുകളും കൃത്യതയുള്ളതോ ഉത്തരവാദിത്തബോധത്തോടെയുള്ളതോ അല്ല. ഇന്ത്യയിലെ വളരെ ചെറിയ വിഭാഗം കര്‍ഷകര്‍ക്കു മാത്രമാണ് കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ധാരണയുള്ളത്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വിശാലമായ വിപണി ഇടപെടലുകള്‍ സാധ്യമാക്കുന്നതാണെന്നും കാര്‍ഷികമേഖലയ്ക്ക് അത് സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത പ്രദാനംചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോപ് താരം റിഹാനയാണ് ആദ്യം രംഗത്തെത്തിയത്. സമരം നടക്കുന്ന മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പാണികളുമെല്ലാം നിരത്തി സമരക്കാരെ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റില്‍ റിഹാന ചോദിച്ചിരുന്നു.
റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് നിരവധി പേര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര്‍ സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates