

ന്യൂഡല്‍ഹി: മറ്റുള്ളവരോട് സഹാനുഭൂതിയും സ്‌നേഹവും ക്ഷമയും കാണിക്കുന്നവരാണ് യഥാര്‍ഥ ഹിന്ദുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. സവര്‍ക്കറുടെ ഹിന്ദുത്വ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. വെറുപ്പും അക്രമവും പ്രകോപനവും പ്രോത്സാഹിപ്പിക്കുന്നതാണ് സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദുത്വ. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ സമൂഹം ഇത് തിരസ്‌കരിച്ചു. ഇത് ഇവിടെ വിലപ്പോവില്ലെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു.ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ റായ്പൂരില്‍ നടക്കുന്ന കിസാന്‍ ഉച്ചകോടിയില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ളയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാമന്റെ പാതയില്‍ സഞ്ചരിക്കാനുള്ള പദ്ധതി ബിജെപിയുമായി ഏറ്റുമുട്ടാന്‍ ഉദ്ദേശിച്ചുള്ളതല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് രാമന്‍. രാമന്റെ അമ്മയായ കൗസല്യയുടെ ജന്മനാട് റായ്പൂരിന് അടുത്താണ്. രാമന്റെ പൈതൃകം ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറ കൃഷി ഉപേക്ഷിക്കുന്നു എന്ന വാദത്തോട് യോജിപ്പില്ല. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് കൃഷിയുടെ വ്യാപ്തി വര്‍ധിക്കുകയാണ് ഉണ്ടായത്. കൃഷി ആദായകരമായ ബിസിനസാണെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ പറയുന്നത്. ഇത് കര്‍ഷകരുടെ ശക്തി വ്യക്തമാക്കുന്നതാണ്. 2018ല്‍ 15ലക്ഷം കര്‍ഷകരാണ് നെല്‍കൃഷിയില്‍ വ്യാപൃതരായിരുന്നത്. ഇന്ന് അത് 22 ലക്ഷമായി വര്‍ധിച്ചതായും ഭൂപേഷ് ബാഗല്‍ പറഞ്ഞു.
സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കാര്‍ഷിക മേഖലയില്‍ കന്നുകാലികളുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്. ഇതോടെ കന്നുകാലികളെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.സമഗ്രമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കന്നുകാലികളെ സംരക്ഷിക്കുന്നതിന് ഗൗതന്‍ പദ്ധതിക്ക് രൂപം നല്‍കിയത്. കന്നുകാലികളെ പാര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതിന് രൂപം നല്‍കിയത്. കൂടാതെ ചാണകം സംഭരിക്കാന്‍ തുടങ്ങിയതോടെ, കര്‍ഷകരുടെ ഇടയില്‍ വീണ്ടുവിചാരം തുടങ്ങി. അവര്‍ കന്നുകാലികളെ സംരക്ഷിക്കാന്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുമായി പദ്ധതിയെ ബന്ധിപ്പിച്ചതോടെ വലിയ മാറ്റമാണ് ദൃശ്യമായത്. ഗ്രാമീണ മേഖലയുടെ ഉണര്‍വിന് ഇത് കരുത്തുപകര്‍ന്നു. ഇതില്‍ യാതൊരുവിധ രാഷ്ട്രീയവുമില്ല. ബിജെപിയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതിയാണ്. വലിയ ജനവിഭാഗത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. വോട്ട് നേടുന്നതിന് വേണ്ടി രാമന്റെയും പശുവിന്റെയും പേരുകള്‍ ഇവര്‍ ദുരുപയോഗം ചെയ്യുന്നതായും ഭൂപേഷ് ബാഗല്‍ കുറ്റപ്പെടുത്തി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
