

തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചു നില്‍ക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അനുകൂലിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ എംകെ ഭദ്രകുമാര്‍. മന്‍മോഹന്‍ സിങ്, പി ചിദംബരം എന്നിവരുൾപ്പെടെയുള്ളവരുടെ എതിര്‍പ്പാണ് സഖ്യം നിലനില്‍ക്കാതെ പോയതിന്റെ കാരണമെന്നും ഭദ്രകുമാര്‍ 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍' വെളിപ്പെടുത്തി. ഇടതുപക്ഷ പിന്തുണയില്‍ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഭരണാനുഭവങ്ങളാണ് ഭദ്രകുമാര്‍ പങ്കിട്ടത്.
'കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ചു കൈകോര്‍ത്ത ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണ മികവ് ഉയര്‍ത്തിക്കാട്ടാനുള്ള മികച്ച മാതൃകയാണ്. ഒന്നാം യുപിഎ കാലത്ത് ഞാന്‍ ഭരണ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബൗദ്ധിക വിവരങ്ങള്‍ നല്‍കുക എന്നതായിരുന്നു എന്റെ ചുമതല.'
'ഇടതുപക്ഷം തൊഴിലുറപ്പു പദ്ധതി നിര്‍ദ്ദേശിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അന്നത്തെ ധനമന്ത്രി പി ചിദംബരവും എതിര്‍ത്തു. എന്നാല്‍ സോണിയ ഗാന്ധി താത്പ്പര്യം പ്രകടിപ്പിച്ചു. സോണിയ നമുക്കിടയിലെ ഏറ്റവും നല്ല ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തിയാണ്. ചില അവസരങ്ങളില്‍ അവര്‍ മന്‍മോഹന്‍ സിങിന്റെ അഭിപ്രായങ്ങളെ പോലും തള്ളിയിട്ടുണ്ട്.'
ആണവ കരാറിനെ എതിര്‍ത്താണ് ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. സിപിഎം തീരുമാനം ബുദ്ധിശൂന്യതയാണെന്നു ഭദ്രകുമാര്‍ വിശ്വസിക്കുന്നു. ആണവ കരാറില്‍ ഇടതുപക്ഷവുമായി യോജിപ്പിലെത്താന്‍ സോണിയ ഗാന്ധി പരമാവധി ശ്രമിച്ചെന്നും എന്നാല്‍ മന്‍മോഹന്‍, ചിദംബരം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഖ്യം താത്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
'ആണവ കരാറില്‍ സിഎഎമ്മിനും കോണ്‍ഗ്രസിനുമിടയില്‍ യോജിപ്പുണ്ടാക്കാന്‍ സോണിയ ഗാന്ധി പരമാവധി ശ്രമിച്ചു. ഇടതുപക്ഷത്തിന്റെ യുപിഎയിലെ സാന്നിധ്യം സഖ്യത്തിനു പുതുജീവന്‍ നല്‍കുമെന്ന നിലപാടായിരുന്നു സോണിയയ്ക്ക്. പക്ഷേ മന്‍മോഹന്‍, ചിദംബരം അടക്കമുള്ള പാര്‍ട്ടിയിലെ പലര്‍ക്കും സഖ്യത്തോടു യോജിപ്പില്ലായിരുന്നു.'
സഖ്യത്തെ മൻമോഹൻ സിങ് എതിർത്തെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ഒന്നാം യുപിഎ സർക്കാരാണ് രാജ്യത്തെ ഏറ്റവും മികച്ച ഭരണ മാതൃകയെന്നു പറയാനുള്ള കാരണങ്ങൾ ഭദ്രകുമാർ വിശദീകരിച്ചു.
'മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യം മികവിലായിരുന്നു. പ്രത്യേകിച്ച് ഒന്നാം ഘട്ടം. അദ്ദേഹം ആലിംഗന നയതന്ത്രത്തില്‍ വിശ്വസിച്ചില്ലായിരിക്കാം. പക്ഷേ മന്‍മോഹന്‍ സിങ് ആഴമുള്ള ചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ സമ പ്രായക്കാരായ ലോക നേതാക്കളെല്ലാം മന്‍മോഹനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. യുഎസുമായുള്ള ബന്ധം കാത്തു. പാകിസ്ഥാനുമായുള്ള ബന്ധത്തിലെ ദുഷ്‌കരമായ കാലത്തെ തന്ത്രപരമായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു. സാമ്പത്തികമായി രാജ്യത്തെ മെച്ചപ്പെടുത്തി തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന ഒന്നാം യുപിഎ കാലത്തുണ്ടായിരുന്നു'- ഭദ്രകുമാര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates