

ന്യൂഡല്‍ഹി: പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നീറ്റ്, യുജിസി നെറ്റ് ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. പ്രതിഷേധം പുകയുന്നതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തില്‍ വന്നത്. ഫെബ്രുവരിയില്‍ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തില്‍ കേന്ദ്രം നടപ്പാക്കിയത്. പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്ന് മുതല്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം. ഇതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധ പൊതുപരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പരിഷ്‌കരണം നിര്‍ദേശിക്കാന്‍ പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്.
എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates