മുംബൈ: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി അധികാരത്തില്‍ എത്തില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. എന്നാല്‍ അസമില്‍ ബിജെപി ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'അസമില്‍ ബിജെപിയുടെ അവസ്ഥ താരതമ്യേന മെച്ചപ്പെട്ടതാണ്. ഒരു സംസ്ഥാനത്തില്‍ മാത്രം ബിജെപി അധികാരത്തില്‍ തുടരും. എന്നാല്‍ നാല് സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ വിജയിക്കും. ഇതാണ് ട്രെന്റ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഈ ട്രെന്റ് രാജ്യത്തിന് പുതിയ വഴി കാണിച്ചുതരികയാണ്'-പവാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'കേരളം,ബംഗാള്‍,തമിഴ്‌നാട്,പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടും. ഇതുവരെയുള്ള ട്രെന്റ് വിലയിരുത്തിയതില്‍ നിന്ന് കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉണ്ടാകും. തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ഡിഎംകെ മുന്നണിയെയാണ് പിന്തുണയ്ക്കുന്നത്.'
'ബംഗാളില്‍ അധികാരം ഉപയോഗിച്ചുള്ള ബിജെപിയുടെ കടന്നുകയറ്റത്തിന് എതിരെ മമത ഒറ്റയ്ക്കാണ് പോരാടുന്നത്. അവിടെ തീവ്രമായ ക്യാമ്പയിന്‍ ശൈലിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ ഒരിക്കലും അവരുടെ ആത്മാഭിമാനം പണയം വെയ്ക്കില്ല. അവരുടെ സംസ്‌കാരത്തെ അക്രമിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ജനങ്ങള്‍ ഒന്നിക്കുകയും തിരിച്ചടിക്കുകയും ചെയ്യും. മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'- പവാര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates