

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായം സുതാര്യമാക്കാനും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുമായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പ് ഏജന്‍സികളുടെ സുതാര്യതയും ഘടനയും മെച്ചപ്പെടുത്തുക, ചോദ്യപേപ്പര്‍ നിര്‍മാണം, അച്ചടി, വിതരണം, മൂല്യനിര്‍ണയം എന്നിവയിലുടനീളം സുരക്ഷിതമായ എന്‍ഡ്-ടു-എന്‍ഡ് സാങ്കേതികവിദ്യ നടപ്പിലാക്കുക, ഫാസ്റ്റ് ട്രാക്ക് കോടതികളും കര്‍ശന നിയമങ്ങളും വഴി പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ടാസ്‌ക്ഫോഴ്സിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
രാജ്യത്തെ മത്സരപരീക്ഷകളുടെയും പൊതുപരീക്ഷകളുടെയും സുതാര്യത ഉറപ്പാക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഉന്നതതല കമ്മിറ്റിയില്‍ ആകെ ആറംഗങ്ങളാണുള്ളത്. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പാനലില്‍ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, പൊതുഭരണം, വിദ്യാഭ്യാസ നയം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വിദഗ്ധരുടെ വിവിധ മേഖലകളിലെ പ്രവൃത്തിപരിചയം ഉപയോഗിച്ച് ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പൂര്‍ണമായും വിശ്വസനീയവും ലീക്ക്പ്രൂഫും ആക്കി മാറ്റുകയാണ് ഈ ഉന്നതതല സമിതിയുടെ ലക്ഷ്യം.
1. നന്ദന്‍ നിലേകനി (കമ്മിറ്റി ചെയര്‍മാന്‍)
ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ പ്രമുഖ മുഖമായ നന്ദന്‍ നിലേകനി, ഇന്‍ഫോസിസ് സഹസ്ഥാപകനും ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് (ആധാര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതി) അടിത്തറയിട്ട വ്യക്തിയുമാണ്. പരീക്ഷാ സംവിധാനത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും ഡിജിറ്റല്‍ സുരക്ഷയും ഉറപ്പാക്കുക, ചോദ്യപേപ്പര്‍ ഡിജിറ്റലായി സുരക്ഷിതമാക്കുക, ആള്‍മാറാട്ടം തടയാന്‍ ബയോമെട്രിക് സിസ്റ്റം ശക്തമാക്കുക തുടങ്ങിയ ചുമതലകള്‍ക്ക് ഇദ്ദേഹം മേല്‍നോട്ടം വഹിക്കും.
2. ഡോ. എസ് സോമനാഥ്
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളിയായ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമാണ് ഡോ. എസ് സോമനാഥ്. പരീക്ഷാ നടത്തിപ്പിനുള്ള വലിയ സിസ്റ്റം കോണ്‍ഫിഗറേഷനും ഉയര്‍ന്ന സാങ്കേതിക മേല്‍നോട്ടവും എങ്ങനെയാകണമെന്ന നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സോമനാഥ് നേതൃത്വം നല്‍കും. പരീക്ഷകള്‍ തടസ്സമില്ലാതെ വന്‍തോതില്‍ ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങളും നിര്‍ദ്ദേശിക്കും.
3. തപന്‍ ദേഖ
ദേശീയ സുരക്ഷയും രഹസ്യാന്വേഷണവുമാണ് തപന്‍ ദേഖയുടെ മേഖല. 1988 ബാച്ച് ഐപിഎസ് ഓഫീസറായ ഇദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) മുന്‍ ഡയറക്ടറാണ്. പരീക്ഷാ പ്രക്രിയയിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി തടയുക, ചോര്‍ച്ച തടയാന്‍ ഇന്റലിജന്‍സ് ലെവല്‍ പ്രോട്ടോക്കോളുകള്‍ നിര്‍ദ്ദേശിക്കുക, സംഘടിത പരീക്ഷാ തട്ടിപ്പുകള്‍ തടയാന്‍ സുരക്ഷാ ഏജന്‍സികളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുക എന്നിവയാണ് തപന്‍ ദേഖയുടെ ചുമതല.
4. പ്രൊഫ. വി കാമകോടി
മദ്രാസ് ഐഐടി ഡയറക്ടറും കമ്പ്യൂട്ടര്‍ സയന്റിസ്റ്റുമായ പ്രൊഫ. വി കാമകോടി ഇന്ത്യയിലെ സൈബര്‍ സെക്യൂരിറ്റി സമിതികളില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷ ശക്തമാക്കല്‍, ചോര്‍ച്ചകള്‍ തടയാന്‍ തദ്ദേശീയ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളുടെ സഹായം ഉറപ്പാക്കല്‍, അക്കാദമിക് തത്ത്വങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിത പരീക്ഷാ രീതികള്‍ തയാറാക്കല്‍ എന്നിവയുടെ ചുമതല അദ്ദേഹം നിര്‍വഹിക്കും.
5. അനിത കര്‍വാള്‍
സിബിഎസ്ഇ മുന്‍ ചെയര്‍പേഴ്സണും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ മുന്‍ സെക്രട്ടറിയുമായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് അനിത കര്‍വാള്‍. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇവര്‍ പരീക്ഷാ മൂല്യനിര്‍ണയം, ബോര്‍ഡ് ലെവല്‍ പരിഷ്‌കരണങ്ങള്‍, വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാറ്റങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കും.
6. അമൃത് ലാല്‍ മീണ
ബിഹാര്‍ മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ അമൃത് ലാല്‍ മീണ, ലോജിസ്റ്റിക്‌സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ വിദഗ്ധനാണ്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുന്നത് അടക്കമുള്ള വലിയ ലോജിസ്റ്റിക്കല്‍ പ്രക്രിയകള്‍ സുരക്ഷിതമായും കൃത്യമായും നിര്‍വ്വഹിക്കാനുള്ള ഗവേണന്‍സ് ഘടന തയ്യാറാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അദ്ദേഹം രൂപംനല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates