

നാഗ്പുര്‍: പരീക്ഷാ ക്രമക്കോടില്‍ എന്ത് നടപടി സ്വീകരിച്ചാലും അവര്‍ക്കിനി മകളെ തിരികെ കിട്ടില്ല. എന്നാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആകാംക്ഷ ചതുര്‍വേദിയുടെ അമ്മ നീലം ചതുര്‍വേദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മകളെ തിരികെ ലഭിക്കില്ലെന്നും, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാരായ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും നീലം ചതുര്‍വേദി ആവശ്യപ്പെടുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മെയ് 20നാണ് ആകാംക്ഷ ജീവനൊടുക്കിയത്.
മധ്യപ്രദേശില്‍ നിന്നുള്ള ആകാംക്ഷ ചതുര്‍വേദി നാഗ്പൂരിലെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നാണ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നത്. മെയ് 3ന് നടന്ന പരീക്ഷയ്ക്ക് ശേഷം 650ലേറെ മാര്‍ക്ക് നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആകാംക്ഷ. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്തകളും തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കും പിന്നാലെ പരീക്ഷ റദ്ദാക്കിയതോടെ ഈ 18കാരി മാനസികമായി തകര്‍ന്നു. വീണ്ടും പരീക്ഷയെഴുതാനുള്ള ധൈര്യം നഷ്ടപ്പെട്ട ആകാംക്ഷ ജീവനൊടുക്കുകയായിരുന്നു.
'അച്ഛാ, അമ്മേ... നിങ്ങളുടെ മകള്‍ നന്നായി പഠിച്ച് ഒരു ഡോക്ടറാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ വീണ്ടുമൊരു നീറ്റ് പരീക്ഷയെഴുതാന്‍ എനിക്കിപ്പോള്‍ ധൈര്യമില്ല. ആദ്യശ്രമത്തില്‍ എനിക്ക് നല്ല മാര്‍ക്ക് ലഭിക്കുമായിരുന്നു, എന്നാല്‍ ഇനി പരീക്ഷയെഴുതിയാല്‍ അതേ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് ഒരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കണം, ഞാന്‍ എല്ലാം നശിപ്പിച്ചു...' - ജീവനൊടുക്കുന്നതിന് മുന്‍പ് ആകാംക്ഷ കുറിച്ച വാചകങ്ങളാണിത്.
സാധാരണക്കാരാണ് ആകാംക്ഷയുടെ മാതാപിതാക്കള്‍. കൃഷിപ്പണിക്ക് പുറമെ നാഗ്പൂരില്‍ പാചകക്കാരനായി ജോലി ചെയ്തുമാണ് അച്ഛന്‍ ആകാംക്ഷയുടെ പരിശീലനച്ചെലവുകള്‍ കണ്ടെത്തിയിരുന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി കൊണ്ട് എന്ത് ഉത്തരവാദിത്തമാണ് അവസാനിക്കുന്നതെന്ന് നാഗ്പൂരിലെ പ്രതിഷേധ വേദിയില്‍ മകളുടെ ചിത്രം നെഞ്ചോടടക്കിപ്പിടിച്ച് നീലം ചതുര്‍വേദി ചോദിക്കുന്നു.
'ആകാംക്ഷയുടെ അച്ഛന് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്, ഇപ്പോള്‍ പക്ഷാഘാതം വന്ന് അവശതയിലാണ്. എന്റെ മകള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവള്‍ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഏറ്റെടുക്കുമായിരുന്നു. ഇനി ഞങ്ങളെ ആര് സംരക്ഷിക്കും?' -നീലം കണ്ണീരോടെ ചോദിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളും ഭാവി ജീവിതവുമാണ് പരീക്ഷാ ക്രമക്കേടുകളിലൂടെ ത തകരുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന മാഫിയകള്‍ക്കും കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കുന്നതുപോലുള്ള കര്‍ശന നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഭാവിയില്‍ മറ്റൊരു കുട്ടിക്കും ഈ ഗതി വരാതിരിക്കൂ എന്നാണ് ഈ അമ്മ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates