കൊച്ചി: നഗരങ്ങളിലും പട്ടണങ്ങളിലും വാടകവീടുകളെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കൂടിവരികയാണ്.
വാടകയ്ക്ക് വീട് എടുക്കുമ്പോള്‍ മാസവാടകയുടെ പലമടങ്ങ് തുകയായാണ് പലരും സുരക്ഷാ നിക്ഷേപം (സെക്യൂരിറ്റി ഡെപ്പോസിറ്റ്) നല്‍കുന്നത്. എന്നാല്‍ വീട് ഒഴിഞ്ഞ് മടങ്ങുമ്പോള്‍ ഈ തുക പൂര്‍ണമായി തിരികെ ലഭിക്കാത്ത സംഭവങ്ങള്‍ വ്യാപകമാണെന്ന് വാടകക്കാരുടെ പരാതികള്‍ സൂചിപ്പിക്കുന്നു.
വീട് കൈമാറിയ ശേഷവും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡെപ്പോസിറ്റില്‍ നിന്ന് വലിയ തുക പിടിച്ചുവയ്ക്കുന്ന പ്രവണതയാണ് പല ഉടമകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചിലപ്പോള്‍ നിയമപരമായ കാരണങ്ങളുണ്ടാകാമെങ്കിലും, പല സാഹചര്യങ്ങളിലും വാടകക്കാരുടെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരത്തിലുള്ള നടപടികള്‍ നടക്കുന്നത് എന്ന ആക്ഷേപം വ്യാപകമാണ്.
മുംബൈ ചെമ്പൂരിലെ 1 ബിഎച്ച്‌കെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന വാടകക്കാരന്‍ പങ്കുവെച്ച സമാന അനുഭവം ചര്‍ച്ചയാവുകയാണ്. വാടകക്കരാര്‍ അവസാനിച്ചതോടെ ഒഴിഞ്ഞുപോകാനിരുന്ന വാടകക്കാരനോട് ഫ്‌ലാറ്റ് പെയിന്റു ചെയ്തു നല്‍കണമെന്നും അല്ലാത്ത പക്ഷം 1 ലക്ഷത്തിലധികം വരുന്ന ഡെപ്പാസിറ്റ് തുക മടക്കി നല്‍കാനാവില്ലെന്നുമാണ് വീട്ടുടമ അറിയിച്ചത്. ഫ്‌ലാറ്റ് താമസിക്കാനായി നല്‍കിയപ്പോള്‍ പുതുതായി പെയിന്റടിച്ചിരുന്നുവെന്നും അതിനാല്‍ അതേ അവസ്ഥയില്‍ മടക്കി നല്‍കണമെന്നുമായിരുന്നു വാടകക്കാരന്റെ നിര്‍ബന്ധം. അതുവരെ ഡെപ്പോസിറ്റിനെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും ഉടമ പറഞ്ഞു.
ഒരു ചെറിയ 1ബിഎച്ച്‌കെ പെയിന്റടിക്കാന്‍ 1 ലക്ഷത്തിലധികം തുകയാകുമോ എന്നാണ് താമസക്കാരന്‍ റെഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഉന്നയിച്ചത്. വാടകക്കാരെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന പ്രവണത മുംബൈയില്‍ മാത്രമല്ല ബംഗളൂരു, ഡല്‍ഹി, ചെന്നൈ തുടങ്ങി കൊച്ചിയില്‍ വരെയുണ്ടെന്ന് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവങ്ങളില്‍ ഇത്തരം പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വീട് കൈമാറിയ ശേഷവും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡെപ്പോസിറ്റില്‍ നിന്ന് വലിയ തുക പിടിച്ചുവയ്ക്കുന്ന പ്രവണതയാണ് പല ഉടമകളുടെയും ഭാഗത്തുനിന്ന് കാണുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചിലപ്പോള്‍ നിയമപരമായ കാരണങ്ങളുണ്ടാകാമെങ്കിലും, പല സാഹചര്യങ്ങളിലും വാടകക്കാരുടെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരത്തിലുള്ള നടപടികള്‍ നടക്കുന്നത്.
നിയമം പറയുന്നത്
വാടകക്കാരില്‍ പലര്‍ക്കും സ്വന്തം അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ല. ഇതാണ് ചില ഉടമകള്‍ക്ക് അനുകൂലമാകുന്നത്. ഡെപ്പോസിറ്റ് തിരികെ നല്‍കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തുകയോ അന്യായമായ കുറവുകള്‍ വരുത്തുകയോ ചെയ്താല്‍ ഉപഭോക്തൃ കോടതികളെയും നിയമപരമായ മറ്റ് മാര്‍ഗങ്ങളെയും സമീപിക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
റിയല്‍ എസ്‌റ്റേറ്റ് വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റുകളെ നിയന്ത്രിക്കുന്ന ഏകീകൃത നിയമങ്ങളൊന്നുമില്ല. സാധാരണ റെസിഡെന്‍ഷ്യല്‍ വാടക ഇടപാടുകള്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 2016 ന്‍രെ കീഴില്‍ വരുന്നില്ല. അതിനാല്‍ വാടകക്കരാറിലെ നിബന്ധനമാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ണായകമാവുകയെന്ന് റിയല്‍ എസ്റ്റേ്റ്റ് വിദഗ്ദ്ധര്‍ പറയുന്നു.
രേഖാമൂലമുള്ള കരാറുകളുടെ അഭാവം
സെക്യൂരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം വ്യക്തമായ വാടക കരാറുകളുടെ അഭാവമാണ്. പലരും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വാടക ഇടപാടുകള്‍ നടത്തുന്നത്. ഡെപ്പോസിറ്റ് എത്രയാണ്, തിരികെ നല്‍കേണ്ട സമയപരിധി എത്ര, ഏതൊക്കെ സാഹചര്യങ്ങളില്‍ തുക പിടിച്ചുവെക്കാം, പിഴ ഈടാക്കാം തുടങ്ങിയ കാര്യങ്ങള്‍ രേഖാമൂലം ഇല്ലെങ്കില്‍ പിന്നീട് തര്‍ക്കങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
പെയിന്റിങ് ചെലവ്
പല വീടുടമകളും വീട് ഒഴിയുമ്പോള്‍ പൂര്‍ണമായി പെയിന്റ് ചെയ്യേണ്ടിവരുമെന്ന വാദം ഉയര്‍ത്താറുണ്ട്. ഇതിന്റെ ചെലവ് ഡെപ്പോസിറ്റില്‍ നിന്ന് കുറയ്ക്കുന്നതും സാധാരണമാണ്. എന്നാല്‍ വാടക കരാറില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഇത്തരം തുക ഈടാക്കുന്നത് ചോദ്യം ചെയ്യാവുന്നതാണ്. വീടിന്റെ സാധാരണ പരിപാലനച്ചെലവ് പലപ്പോഴും ഉടമയുടെ ഉത്തരവാദിത്ത പരിധിയിലാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
'അമിതമായ നാശനഷ്ടം' എന്ന ആരോപണം
വാടകക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാരണമാണ് വീടിന് നാശനഷ്ടം സംഭവിച്ചുവെന്ന ആരോപണം. ചുമരിലെ ചെറിയ പാടുകള്‍, സാധാരണ ഉപയോഗത്തില്‍ ഉണ്ടാകുന്ന തേയ്മാനം, ഫര്‍ണിച്ചറുകളിലെ സ്വാഭാവിക പഴക്കം എന്നിവയെ പോലും വലിയ കേടുപാടുകളായി ചിത്രീകരിച്ച് അറ്റകുറ്റപ്പണിയുടെ പേരില്‍ ഡെപ്പോസിറ്റില്‍ നിന്ന് തുക കുറയ്ക്കാറുണ്ട്. എന്നാല്‍ സാധാരണ ഉപയോഗം മൂലം ഉണ്ടാകുന്ന തേയ്മാനം വാടകക്കാരന്റെ ഉത്തരവാദിത്തമല്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അവസാന മാസത്തെ ബില്ലുകള്‍
വൈദ്യുതി, വെള്ളം, പരിപാലന ചെലവ് (മെയിന്റനന്‍സ് ഫീ) തുടങ്ങിയവ അടച്ചിട്ടില്ലെന്ന് ആരോപിച്ച് ഡെപ്പോസിറ്റ് പിടിച്ചുവയ്ക്കുന്നതും പതിവാണ്. ചിലപ്പോള്‍ ബില്ലുകള്‍ യഥാസമയം തീര്‍പ്പാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ വാടകക്കാര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതിനാല്‍ വീട് ഒഴിയുന്നതുവരെ എല്ലാ ബില്ലുകളുടെയും രസീതുകള്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
വീട് ഒഴിയുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍
വീട് ഒഴിയുന്നതിന് മുമ്പ് ഓരോ മുറിയുടെയും ഫോട്ടോയും വീഡിയോയും പകര്‍ത്തി സൂക്ഷിക്കുന്നത് വാടകക്കാര്‍ക്ക് സഹായകരമാകും. വീടിന്റെ അവസ്ഥ സംബന്ധിച്ച് പിന്നീട് ഉയരുന്ന ആരോപണങ്ങളെ നേരിടാന്‍ ഇത് തെളിവായി ഉപയോഗിക്കാം. ഉടമയുടെ സാന്നിധ്യത്തില്‍ വീടിന്റെ പരിശോധന നടത്തി രേഖാമൂലം കൈമാറ്റം പൂര്‍ത്തിയാക്കുന്നതും നല്ല രീതിയാണ്.
പെയിന്റിങ് മുതല്‍ വൈദ്യുതി ബില്‍ വരെ; പണം തരാതിരിക്കാന്‍ ഉടമകള്‍ പറയുന്ന കാരണങ്ങള്‍- ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഡെപ്പോസിറ്റ് നഷ്ടമായേക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates