

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇറാഖിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനും ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആ വോട്ട് സംരക്ഷിക്കാനുള്ള വ്യവസ്ഥാപിതമായ ചട്ടക്കൂട് അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ സംവാദത്തില്‍ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉപകാരമില്ലാത്തവയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ഗദ്ദാഫിയും സദ്ദാം ഹുസൈനുമായും താരതമ്യം ചെയ്യുന്നത് എണ്‍പതുകോടി വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഗദ്ദാഫിയുടെതും സദ്ദാമിന്റെതും പോലുള്ള ഭരണം അടിയന്തരവാസ്ഥ കാലത്തു മാത്രമേ ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നിലവില്‍ ഒരു ജനാധിപത്യ രാജ്യമല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി അധികാരമേറ്റ 2014 മുതല്‍ ഇന്ത്യയില്‍ ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലെന്ന സ്വീഡിഷ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരുന്നു രാഹുലിന്റെ പ്രസ്താവന.
ആളുകള്‍ ബൂത്തിലെത്തി വോട്ടിങ് മെഷീനിലെ ഒരു ബട്ടണില്‍ അമര്‍ത്തുന്നതല്ല തെരഞ്ഞെടുപ്പ്. രാജ്യത്തെ അടിസ്ഥാനഘടന കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭരണവ്യവസ്ഥ ഉറപ്പു വരുത്തുന്നതും നിയമവ്യവസ്ഥിതി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് സ്ഥിതി ഏറെ മോശമാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates