

ലഖ്‌നൗ: ഗംഗ അനുഗ്രഹിക്കാനായി നിങ്ങളുടെ കാല്‍ച്ചുവട്ടിലെത്തിയതാണെന്ന്, വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സ്ത്രീയോട് മന്ത്രി. കാണ്‍പൂരിലെ ദേഹാത്തില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ യുപി ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് ഇങ്ങനെ പറഞ്ഞത്. പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി മാറിയിരിക്കുകയാണ്.
ഗംഗ, യമുന നദികളില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്, കാണ്‍പൂര്‍, പ്രയാഗ് രാജ് , വാരാണസി തുടങ്ങിയ പ്രദേശത്തെ ഭൂരിഭാഗം മേഖലകളില്‍ പ്രളയക്കെടുതി രൂക്ഷമാണ്. തിങ്കളാഴ്ച കാണ്‍പൂര്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി നിഷാദ്, വെള്ളക്കെട്ടില്‍ നില്‍ക്കുന്ന സ്ത്രീയോടാണ്, 'നിങ്ങളുടെ കാലുകള്‍ വൃത്തിയാക്കാന്‍ ഗംഗ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തി' എന്നു പറഞ്ഞത്.
'നിങ്ങളുടെ പാദങ്ങള്‍ ശുദ്ധിയാക്കാന്‍ ഗംഗാ നദി നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിയിരിക്കുന്നു, ഇത് നിങ്ങളെ നേരിട്ട് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകും. ഗംഗയുടെ അനുഗ്രഹം സ്വയം സ്വീകരിക്കുക'. മന്ത്രി സ്ത്രീയോട് പറഞ്ഞു. മന്ത്രിയുടെ സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ബിജെപി സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ തലവനാണ് മന്ത്രി സഞ്ജയ് നിഷാദ്.
വെള്ളപ്പൊക്ക ദുരിതം നേരിടുന്നവരുടെ വിഷമം മന്ത്രി ലഘുവായിട്ടാണ് കാണുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ താന്‍ നടത്തിയത് സാധാരണ നിലയിലുള്ള സൗഹൃദ പരാമര്‍ശം മാത്രമാണെന്നാണ് മന്ത്രി സഞ്ജയ് നിഷാദ് വിശദീകരിക്കുന്നത്. ഞങ്ങള്‍ നിഷാദുകള്‍ നദിയെ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും ഉറവിടമായാണ് നദികളെ കാണുന്നത്.
'ഞാന്‍ നിഷാദുകളുടെ ഒരു വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു. അവിടത്തെ ആളുകളുമായി സംസാരിക്കുന്നതിനിടയില്‍, വളരെ ദൂരെ നിന്നുപോലും ആളുകള്‍ ഗംഗയില്‍ പുണ്യസ്‌നാനം ചെയ്ത് മോക്ഷം നേടാനായി എത്തുന്നു. ഇവിടെ നിങ്ങളുടെ വാതില്‍പ്പടിയില്‍ ഗംഗാ മാതാവ് എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. അതിനെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്നും മന്ത്രി സഞ്ജയ് നിഷാദ് പറയുന്നു.
പ്രയാഗ് രാജിലെ നിഷാദ് സമുദായത്തില്‍ നിന്നുള്ള ഒരു പൊലീസുകാരന്‍ തന്റെ വീട്ടുവാതില്‍ക്കലെത്തിയ ഗംഗയിലെ പ്രളയജലത്തെ ആരാധിക്കുകയും, വെള്ളപ്പൊക്കത്തില്‍ നീന്തുകയും ചെയ്യുന്ന വീഡിയോ വൈറലായതിനെക്കുറിച്ചും മന്ത്രി തന്റെ സന്ദര്‍ശന വേളയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മന്ത്രിയുടെ വിവരമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് ശര്‍വേന്ദ്ര ബിക്രം സിങ് പറഞ്ഞു. ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബിക്രം സിങ് കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates