അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ജാമ്യമില്ല. അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്.
മലയാളിയും മുന്‍ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവരെ ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡാണ് (എടിഎസ്) നേരത്തെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ വച്ചാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു അറസ്റ്റ്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ടീസ്റ്റയ്‌ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്.
2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇരുവരുടേയും അറസ്റ്റ്. ശ്രീകുമാറും ടീസ്റ്റ് സെതല്‍വാദും മുന്‍ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടും സാക്കിയ ജാഫ്രി മുഖേന നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും എസ്ഐടി മേധാവിക്കും മറ്റുള്ളവര്‍ക്കുമെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാണ് അന്വേഷണം സംഘം പറയുന്നത്.
കലാപ സമയത്ത് ശ്രീകുമാര്‍ ഗുജറാത്ത് എഡിജിപിയായിരുന്നു. ഗോധ്രാ സംഭവ സമയത്ത് സായുധ സേനാ തലവനുമായിരുന്ന അദ്ദേഹം കലാപം ഗുജറാത്ത് സര്‍ക്കാരിന്റെ അറിവോയടെയാണെന്ന നിലപാടില്‍ ഉറച്ച നിന്ന ഉദ്യോഗസ്ഥനാണ്.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.
കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ സാക്കിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കലാപത്തിന് പിന്നില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കോ, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കോ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
2012 ഫെബ്രുവരി എട്ടിന് നല്‍കിയ എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ മോദി അടക്കം 63 പേരെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്.
അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ കലാപത്തില്‍ ഇഹ്സാന്‍ ജാഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. ഗോധ്രയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ സബര്‍മതി എക്സ്പ്രസ് തീവെച്ച സംഭവത്തിന് പിറ്റേന്നാണ് അഹമ്മദാബാദില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്ത് കലാപത്തില്‍ ആകെ 3000 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates