

ന്യൂഡല്‍ഹി: കനത്തമഴയില്‍ രാജ്യതലസ്ഥാനത്ത് മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മകള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ, വേപ്പ് മരം കടപുഴകി ദേഹത്ത് വീണ് 50കാരനായ സുധീര്‍ കുമാറാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്കാണ് മരം വീണത്.
ഇന്ന് രാവിലെ 9.50 ഓടേ ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മേഖലയിലാണ് സംഭവം. സുധീര്‍ കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെയും മകളെയും ഉടന്‍ തന്നെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുധീര്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരമാണ് കടപുഴകി വീണത്.
കനത്തമഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിരങ്ങിനീങ്ങുമ്പോഴാണ് സംഭവം. കടപുഴകി വീണ മരത്തിന്റെ അടിയില്‍പ്പെട്ട കാറിന്റെ ഉള്ളില്‍ മറ്റൊരു യാത്രക്കാരനും കുടുങ്ങി. ഏറെ പ്രയാസപ്പെട്ടാണ് കാര്‍ യാത്രക്കാരനെ രക്ഷിച്ചത്.
അതിനിടെ കനത്തമഴയില്‍ ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വെള്ളക്കെട്ട് കാരണം നഗരത്തിന്റെ പല പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഡല്‍ഹിക്ക് പുറമേ നോയിഡ, ഗുരുഗ്രാം എന്നി പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
തുടക്കത്തില്‍ നഗരത്തില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഉച്ചയോടെ മുന്നറിയിപ്പ് ഓറഞ്ച് ജാഗ്രതയാക്കി ഭേദഗതി ചെയ്തു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കന്‍ മധ്യപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും വരും മണിക്കൂറുകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
