

ന്യൂഡല്‍ഹി: യുവതിയുടെ അനുവാദമില്ലാതെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അശ്ലീല ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനുള്ളില്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റയോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് കോടതിയുടെ കര്‍ശന നടപടി. ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ തന്റെ ചിത്രം എഐയും ഫെയ്‌സ്-സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നേരത്തെ 'അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ' പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദീപ്‌കെ, അശുതോഷ് രങ്ക, രത്‌ന സിങ് എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. യുവതിക്ക് ആവശ്യമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. യുവതിയുടെ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ആഴ്ചയ്ക്കകം സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
'ഇത് കേവലം ഒരു യുവതിയുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടിയാണ്. അവര്‍ ഇതില്‍ വേഗത്തില്‍ നടപടി എടുക്കുന്നില്ലെങ്കില്‍, ഞാന്‍ അത് ഉറപ്പാക്കും,' ഡല്‍ഹി ഹൈക്കോടത ജഡ്ജി ജസ്റ്റിസ് ഗിരീഷ് കത്പാലിയ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ ചിത്രത്തിനൊപ്പം യുവതിയുടെ മുഖം എഐ ഉപയോഗിച്ച് കൃത്രിമമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നാണ് പരാതി. പ്രതിഷേധത്തിനിടയില്‍ മോര്‍ഫ് ചെയ്ത ചിത്രം വലിയ ബാനറുകളിലും പോസ്റ്ററുകളിലും ഉപയോഗിക്കുകയും, അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.
ഈ ചിത്രം ഉള്‍പ്പെട്ട വിഡിയോ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. സിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും, പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നേതാക്കളുടെ പേരുകള്‍ പ്രതികളായി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. നീറ്റ് ചോദ്യച്ചോര്‍ച്ചയ്‌ക്കെതിരെ ജൂണ്‍ 20 മുതല്‍ ജൂലൈ 25 വരെയാണ് ഡല്‍ഹിയില്‍ സിജെപി പ്രതിഷേധം നടന്നത്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും സിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭം അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates