

സിംല: പ്രകൃതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മനുഷ്യനേക്കാള്‍ വേഗത്തില്‍ മൃഗങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പൊതുവേ പറയുന്നത്. ഈ അവകാശവാദത്തിന് കരുത്തുപകരുന്നതാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള വാര്‍ത്തകള്‍. ജനജീവിതം ദുസ്സഹമാക്കിയ ഹിമാചല്‍ പ്രദേശിലെ മഴയില്‍ 20 കുടുംബങ്ങളിലെ 67 പേര്‍ ഇപ്പോള്‍ കടപ്പെട്ടിരിക്കുന്നത് ഒരു വളര്‍ത്തുനായയോടാണ്. വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മാണ്ഡി ജില്ലയിലെ 67 ഗ്രാമവാസികള്‍.
ജൂണ്‍ 30 ന് അര്‍ദ്ധരാത്രിക്കും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ മാണ്ഡിയിലെ ധരംപൂര്‍ പ്രദേശത്തെ സിയാതി എന്ന ഗ്രാമത്തെ അക്ഷരാര്‍ഥത്തില്‍ തുടച്ചുനീക്കിയിരിക്കുകയാണ്. തന്റെ വീടിന്റെ രണ്ടാം നിലയില്‍ ഉറങ്ങിക്കിടന്ന വളര്‍ത്തുനായ പെട്ടെന്ന് ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങിയതാണ് ഒരു കൂട്ടം ആളുകള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായകമായതെന്ന് സിയാതി നിവാസിയായ നരേന്ദ്ര പറഞ്ഞു. 'കുരയ്ക്കുന്ന ശബ്ദം കേട്ട് അസ്വാഭാവികത തോന്നിയ ഞാന്‍ ഉണര്‍ന്നു. ഞാന്‍ നായയുടെ അടുത്തേക്ക് പോയപ്പോള്‍, വീടിന്റെ ചുമരില്‍ ഒരു വലിയ വിള്ളല്‍ കണ്ടു, വെള്ളം അകത്തേയ്ക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഞാന്‍ നായയുമായി താഴേക്ക് ഓടി എല്ലാവരെയും ഉണര്‍ത്തി,'- നരേന്ദ്ര പറഞ്ഞു.
പിന്നെ ഗ്രാമത്തിലെ മറ്റുള്ളവരെ ഉണര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. അത്രയും അതിതീവ്രമായ മഴയാണ് പെയ്തിറങ്ങിയത്. ആളുകള്‍ എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി. ഉടന്‍ തന്നെ ഗ്രാമത്തില്‍ ഒരു മണ്ണിടിച്ചില്‍ ഉണ്ടായി. ഒരു ഡസനോളം വീടുകളാണ് നിലംപരിശായത്. ഗ്രാമത്തില്‍ ഇപ്പോള്‍ നാലഞ്ച് വീടുകള്‍ മാത്രമേ കാണാന്‍ കഴിയൂ. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നരേന്ദ്ര പറയുന്നു.
ജൂണ്‍ 20 ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഹിമാചല്‍ പ്രദേശില്‍ കുറഞ്ഞത് 78 പേരാണ് മരിച്ചത്. ഇതില്‍ 50 പേര്‍ക്ക് മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, മേഘസ്‌ഫോടനം എന്നിവ മൂലമാണ് ജീവന്‍ നഷ്ടമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
