

ന്യൂഡൽഹി: കോവിഡ് അനുബന്ധ മരണം സംബന്ധിച്ച കണക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് വൈറസിനെതിരേയുള്ള രാജ്യത്തിന്റെ പ്രതിരോധ പോരാട്ടത്തെ ബാധിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വിവിധ സംസ്ഥാനങ്ങൾ കോവിഡ് മരണം കുറച്ചു കാണിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് ഗുലേറിയയുടെ പ്രതികരണം.
രാജ്യത്തിന്റെ പ്രതിരോധ പോരാട്ടത്തെ ബാധിക്കുമെന്നതിനാൽ കോവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരണ കാരണം എന്താണെന്ന് അറിയാനും മരണ നിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകൾ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണം ഓഡിറ്റ് ചെയ്യണം. കൃത്യമായ വിവരങ്ങൾ കൈവശമില്ലെങ്കിൽ മരണ നിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും ഗുലേറിയ വ്യക്തമാക്കി.
വൈറസിന്റെ ജനിതക മാറ്റവും രോഗത്തിനെതിരായുള്ള പ്രതിരോധത്തിലെ വീഴ്ചയുമാണ് ഇന്ത്യയിലും ആഗോള തലത്തിലും കോവിഡ് തരംഗങ്ങൾ ഉണ്ടാകുന്നതിന് കാരണം. വൈറസിന് ജനിതക മാറ്റം സ്വഭാവികമാണ്. രോഗികളുടെ എണ്ണവും മരണ സംഖ്യയും വർധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോവിഡ് ബാധിച്ചാലും ആരോഗ്യ സ്ഥിതി ഗുരുതരമാകാതെ സംരക്ഷണം നൽകാൻ വാക്സിന് സാധിക്കും. കോവിഷീൽഡ് ഡോസ് സ്വീകരിക്കേണ്ട ഇടവേള സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്. 12-13 ആഴ്ചയ്ക്കുള്ളിൽ വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നതാണ് ഉചിതമെന്നാണ് നിലവിലെ വിലയിരുത്തൽ. പുതിയ പഠനങ്ങൾ വരുമ്പോൾ ഇതിൽ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates