

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ തമ്മിലുള്ള വാക് പോര് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. 'ഖാര്‍ഗെ ജി, കോണ്‍ഗ്രസ് യുവരാജിന്റെ കല്യാണം എപ്പോഴെങ്കിലും നടന്നാല്‍, ഞങ്ങള്‍ തീര്‍ച്ചയായും അതില്‍ പങ്കെടുക്കും'. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും ലോക്സഭാ തെരഞ്ഞെടുപ്പായാലും മകന്റെ വിവാഹക്കാര്യം പോലെ പ്രധാനമന്ത്രി മോദി എല്ലായിടത്തും ഓടി നടക്കുകയാണെന്ന ഖാര്‍ഗെയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സിങിന്റെ പ്രതികരണം.
നരേന്ദ്ര മോദി തന്റെ മകന്റെ കല്യാണക്കാര്യം പോലെയാണ് ബിഹാറില്‍ കറങ്ങുന്നതെന്നായിരുന്നു ഖാര്‍ഗെയുടെ പരിഹാസം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആയാലും എല്ലായിടത്തും മോദിയുടെ മുഖം മാത്രമാണ് കാണുന്നത്, മോദിയുടെ മുഖം മാത്രം കണ്ട് എത്രതവണ ആളുകള്‍ വോട്ടുചെയ്യുമെന്ന് ഖാര്‍ഗെ ചോദിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കാനിരിക്കെ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ഛസ്ഥായിലെത്തി.
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പ്രചാരണത്തിനെത്തിയ മോദി ഉയര്‍ത്തിയത്. കോണ്‍ഗ്രസിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ആര്‍ജെഡി നേതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതെന്ന് മോദി പറഞ്ഞു. ഇന്ത്യസഖ്യത്തിന്റെത് ജംഗിള്‍ രാജ് ആണെന്നും കോണ്‍ഗ്രസിന്റെ നിഘണ്ടുവില്‍ അഴിമതി, ക്രൂരത, കെടുകാര്യസ്ഥത തുടങ്ങിയ വാക്കുകളാണെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജംഗിള്‍ രാജ് ഭരണമാണെന്ന പ്രധാനമന്ത്രിക്ക് ഖാര്‍ഗെ മറുപടി നല്‍കി. സംസ്ഥാനത്ത് മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 'ശിഷ്യന്മാരില്‍' ഒരാള്‍ക്ക് കൈമാറുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നിതീഷ് കുമാറിന് ചെയ്യാന്‍ കഴിയാത്തത് ഇനി അദ്ദേഹം ചെയ്യുമോ?. നരേന്ദ്ര മോദി ഒരു കാരണവശാലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ല. മോദി ആ സ്ഥാനം തന്റെ ശിഷ്യന്മാരില്‍ ഒരാള്‍ക്ക് നല്‍കും. നിതീഷ് കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ഇനി വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് മോദി അദ്ദേഹത്തോട് പറയുമെന്നും ഖാര്‍ഗെ പറഞ്ഞു. ബിഹാറില്‍ നവംബര്‍ 6, 11 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 14-ന് ഫലം പ്രഖ്യാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates