ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ നാല് വയസ്സുകാരനായ അനന്തരവനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ഗാസിപൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശക്തി സിംഗ് ആണ് പ്രതിയായ അംജദ് ഖാന് (33) തൂക്കിക്കൊല്ലാൻ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രതിക്ക് തെറ്റിൽ യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ് പ്രതിയും ജഡ്ജിയും തമ്മിൽ കോടതിമുറിയിൽ നടന്ന സംഭാഷണം ഞെട്ടലാണ് ഉണ്ടാക്കിയത്.
ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുൻപ്, നിന്നെ ജയിലിൽ നിന്ന് മോചിപ്പിച്ചാൽ നീ എന്ത് ചെയ്യുമെന്ന് ജഡ്ജി പ്രതിയോട് ചോദിച്ചിരുന്നു. "ആരെങ്കിലും എന്നോട് തർക്കത്തിന് വന്നാൽ അവനെയും ഞാൻ കൊന്നുകളയും," എന്നായിരുന്നു പ്രതിയുടെ മറുപടി. കുട്ടിയെ കൊന്നതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഒട്ടും പശ്ചാത്താപമില്ലെന്നും അംജദ് പറഞ്ഞു. പ്രതിയുടെ ഈ ക്രൂരമായ മനോനില കൂടി പരിഗണിച്ചാണ് കോടതി കടുത്ത ശിക്ഷ തന്നെ നടപ്പാക്കാൻ ഉത്തരവിട്ടത്. വധശിക്ഷാ വിധി ഒപ്പിട്ട ശേഷം പരമ്പരാഗത രീതി അനുസരിച്ച് ജഡ്ജി പേനയുടെ തുമ്പ് ഒടിച്ചു.
2021 ഒക്ടോബർ 21-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അംജദിന്റെ സഹോദരി ഷബാന നാസും അവരുടെ നാല് വയസ്സുകാരനായ മകൻ ദാനിയാൽ ഖാനും മാതാപിതാക്കളുടെ വീട്ടിൽ എത്തിയതായിരുന്നു. അവിടെ വെച്ചുണ്ടായ ചെറിയ കുടുംബ തർക്കത്തിനൊടുവിൽ, പ്രകോപിതനായ അംജദ് സ്വന്തം സഹോദരിയുടെ കണ്ണുമുന്നിൽ വെച്ച് കുഞ്ഞിനെ കത്തികൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മറ്റൊരു മാതുലനായ അർബാസ് ഖാൻ നൽകിയ പരാതിയിലാണ് ദിൽദാർനഗർ പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തത്.
സ്വന്തം കുടുംബം പ്രതിക്കെതിരെ മൊഴി നൽകി
കേസിന്റെ വിചാരണ വേളയിൽ പ്രതിയുടെ മൂന്ന് സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അംജദിനെതിരെ കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞു. ഒൻപത് സാക്ഷികളെ വിസ്തരിച്ച കോടതി, ശാസ്ത്രീയവും ഫോറൻസിക്തുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വധശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
" ലോകത്തെക്കുറിച്ച് ഒന്നും അറിയാത്ത, വെറും നാല് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു അത്. ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിക്കപ്പെട്ടു. ഒരു അമ്മയ്ക്ക് സ്വന്തം മകനെ സഹോദരൻ കൊലപ്പെടുത്തുന്നത് നേരിട്ട് കാണേണ്ടി വന്നു. ആ വേദന വാക്കുകൾക്ക് അതീതമാണ്," വിധിന്യായത്തിൽ ജഡ്ജി ശക്തി സിംഗ് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates