

ന്യൂഡൽഹി: പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ നിയമവിരുദ്ധമായി കടന്നുകയറിയതിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് (TMC) പാർട്ടി നേതാക്കളുടെയും പ്രാദേശിക പ്രവർത്തകരുടെയും നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നതായി സ്ഥിരീകരണം. പശ്ചിമ ബംഗാളിൽ നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ ഇപ്പോൾ കൂട്ടത്തോടെ അതിർത്തി വഴി തിരികെ പോകാനുള്ള ശ്രമത്തിലാണ്. ഇത്തരത്തിൽ അതിർത്തിയിലെ ഹക്കീംപൂർ ചെക്ക്‌പോസ്റ്റിലും മറ്റ് ട്രാൻസിറ്റ് ടെർമിനലുകളിലും തടിച്ചുകൂടിയ കുടിയേറ്റക്കാരാണ് ഇന്ത്യയിലേക്ക് തങ്ങൾ അതിർത്തി കടന്നത് എങ്ങനെയെന്ന് തുറന്നുപറഞ്ഞതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇതിൽ പശ്ചിമ ബംഗാളിലെ മുൻ തൃണമൂൽ ഭരണകൂടത്തിനെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും അതിഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ദശാബ്ദങ്ങളായി കഴിഞ്ഞിരുന്ന ബംഗ്ലാദേശി വനിത ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്, മമതാ ബാനർജിയുടെ പാർട്ടി അധികാരത്തിൽ ഇരുന്ന സമയത്ത് തങ്ങൾക്ക് വോട്ടർ കാർഡും റേഷൻ കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും നിർമ്മിച്ച് നൽകാൻ തൃണമൂൽ പാർട്ടി പ്രവർത്തകർ നേരിട്ട് സഹായിച്ചു എന്നാണ്. ഈ വ്യാജരേഖകൾ ഉപയോഗിച്ച് തങ്ങൾ ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ സമ്മതിക്കുന്നു. ഇതിനുപുറമെ പശ്ചിമ ബംഗാൾ സർക്കാരിന്റെ സ്ത്രീധന സഹായ പദ്ധതിയായ 'ലക്ഷ്മീർ ഭണ്ഡാർ' വഴി കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈപ്പറ്റിയിരുന്നതായും ഇവർ വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസിന്റെ ഭരണകാലത്ത് തങ്ങളെ ആരും ചോദ്യം ചെയ്തിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ഭരണം മാറിയതോടെയാണ് കാര്യങ്ങൾ മാറിയതെന്നും ഇവർ പറയുന്നു. നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകില്ലെന്ന് പ്രഖ്യാപിക്കുകയും വ്യാജമായി പണം തട്ടിയ 30 ലക്ഷത്തോളം ആളുകളെ പദ്ധതികളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തതോടെയാണ് ഇവരുടെ താവളം തകർന്നത്. തങ്ങളെ താമസിപ്പിച്ചിരിക്കുന്ന ക്വാർട്ടേഴ്സ് ഉടമകൾക്ക് വലിയ തുക പിഴയും ജയിൽ ശിക്ഷയും പ്രഖ്യാപിച്ചതോടെ ഉടമകൾ തന്നെ ഇവരെ പുറത്താക്കുകയായിരുന്നു.
അതിർത്തി കടക്കുന്നതിനായി വലിയ രീതിയിലുള്ള ഏജന്റ് ശൃംഖലയാണ് പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. അതിർത്തി സുരക്ഷാ സേനയുടെ പട്രോളിംഗിൽ ഉണ്ടാകുന്ന ചെറിയ സമയവ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ അതിർത്തിയിൽ അഞ്ചും ആറും പേരടങ്ങുന്ന ഏജന്റ് ഗ്രൂപ്പുകൾ രാത്രികാലങ്ങളിൽ കാവലിരിക്കാറുണ്ട്. ബിഎസ്എഫ്.ഉദ്യോഗസ്ഥർ മാറിയുടൻ കൃത്യം 10 മിനിറ്റിനുള്ളിൽ ഇവർ ബംഗ്ലാദേശികളെ അതിർത്തി കടത്തും. ചിലപ്പോൾ രാത്രി മുഴുവൻ ഇതിനായി കാത്തുനിൽക്കേണ്ടി വരാറുണ്ട്.
ബംഗ്ലാദേശിലെ കുഷ്തിയ ജില്ലയിൽ നിന്നുള്ള ഒരു ആശാരി വ്യക്തമാക്കിയത് 7,000 മുതൽ 8,000 രൂപ വരെയാണ് ഏജന്റുമാർ ഇതിനായി ഈടാക്കുന്നത് എന്നാണ്. ബെംഗളൂരുവിൽ മരപ്പണി ചെയ്തിരുന്ന മറ്റൊരു കുടിയേറ്റക്കാരൻ വ്യക്തമാക്കിയത് പട്ടാപ്പകൽ മിലിട്ടറി അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ പോലും 2,000 രൂപ വാങ്ങി തങ്ങളെ അതിർത്തി കടത്താൻ പ്രത്യേക ആളുകൾ ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യയിൽ പ്രവേശിച്ച ശേഷം വെറും 2,000 അല്ലെങ്കിൽ 3,000 രൂപ മാത്രം നൽകിയാണ് ഇവർക്ക് ആവശ്യമായ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ ഈ ഏജന്റുമാർ സംഘടിപ്പിച്ചു നൽകിയത്. ഈ രേഖകൾ ഉപയോഗിച്ച് പിന്നീട് ഇവർ ട്രെയിൻ മാർഗ്ഗം കേരളം, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോവുകയായിരുന്നു.
കേരളത്തിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശികൾ പറയുന്നത് ഇപ്പോൾ മുറി വാടകയ്ക്ക് എടുക്കാൻ പോലും ആധാർ കാർഡും വോട്ടർ ഐഡിയും നിർബന്ധമാക്കിയതിനാലും കേന്ദ്ര ഏജൻസികളുടെ പരിശോധന ഭയന്നുമാണ് തങ്ങൾ രാജ്യം വിടുന്നത് എന്നാണ്. ഇന്ത്യയുടെ 4,096 കിലോമീറ്റർ നീളമുള്ള ബംഗ്ലാദേശ് അതിർത്തിയിലെ നദികളും കൃഷിയിടങ്ങളും നിറഞ്ഞ പ്രദേശങ്ങൾ ഉപയോഗിച്ചാണ് ഈ വലിയ മനുഷ്യക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നത്. നിലവിൽ അതിർത്തിയുടെ 79 ശതമാനത്തോളം ഭാഗങ്ങളിൽ മാത്രമാണ് വേലി കെട്ടാൻ സാധിച്ചിട്ടുള്ളത്. അതിർത്തി കടന്നുകയറ്റക്കാർ സ്വന്തം നിലയ്ക്ക് രാജ്യം വിട്ടുപോകുന്ന സാഹചര്യത്തിൽ അവർക്കെതിരെ മറ്റ് കടുത്ത നിയമനടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനായി ബിഎസ്എഫി ന് ചിക്കൻസ് നെക്ക് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 600 ഹെക്ടർ ഭൂമി വിട്ടുനൽകിയ ബംഗാൾ സർക്കാരിന്റെ നടപടിയെ കേന്ദ്രം സ്വാഗതം ചെയ്തു. വൻതോതിലുള്ള ഈ കടന്നുകയറ്റം ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates