

ചെന്നൈ: ഒരു വ്യക്തിയെ ഒരു മണിക്കൂര്‍ പോലും അനധികൃതമായി തടങ്കലില്‍ വയ്ക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഗുണ്ടാ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രയോഗിക്കുമ്പോള്‍ സംയമനം പാലിക്കണം. ചില പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ ഗുണ്ടാ നിയമം തെറ്റായി പ്രയോഗിക്കുന്നുണ്ട്. ഭരണഘടന പൗരന് ഉറപ്പാക്കുന്ന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്തരം അനധികൃത തടങ്കല്‍ എന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.
2025 ഡിസംബര്‍ 13-ന് ഗ്രേറ്റര്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂട്യൂബര്‍ വരാകിയുടെ ഭാര്യ നീലിമയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നവംബര്‍ 30-ന് വരാകിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് നീലിമ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, പി ധനപാല്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വരാകിക്ക് ഇടക്കാല ജാമ്യവും അനുവദിച്ചു.
വരാകിയെ ഗുണ്ടാ നിയമപ്രകാരം തടങ്കലില്‍ വയ്ക്കാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പൗരന്മാര്‍ക്ക് മേല്‍ തെറ്റായ രീതിയില്‍ ഗുണ്ടാ നിയമം പ്രയോഗിക്കുന്നത് തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയും നിയമ നടപടികള്‍ക്ക് വിധേയമാക്കുകയും വേണം. 'സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശമാണ്. തടങ്കല്‍ നിയമവിരുദ്ധമായ തടങ്കല്‍ ഒരു മണിക്കൂര്‍ പോലും തുടരാന്‍ അനുവദിക്കില്ല.' എന്നും കോടതി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates