

ബംഗളൂരു: സ്ത്രീകള്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി ഉറപ്പാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ആര്‍ത്തവം എന്നത് ഒരു അസ്വാഭാവികതയല്ലെന്നും സ്ത്രീകളുടെ പ്രത്യുത്പാദന ചക്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും , സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ഉറപ്പാക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ആര്‍ത്തവാവധി എന്നത് സ്ത്രീകള്‍ ചോദിക്കുന്ന ഒരു സൗജന്യമല്ല, മറിച്ച് അന്തസ്സോടെ ജോലി ചെയ്യാനുള്ള അവരുടെ അവകാശമാണെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമത്തിന് മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാല്‍ അവര്‍ക്കിടയില്‍ ജൈവികമായ വ്യത്യാസങ്ങളുണ്ട്. ആരോഗ്യവും അന്തസ്സും കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നത് സമത്വത്തിന്റെ ലംഘനമായി കണക്കാകാന്‍ കഴിയില്ല. ഭരണഘടനാപരമായ നീതി നടപ്പാക്കലാണ് ഇത്തരം പരിഗണനകളെന്നും കോടതി വ്യക്തമാക്കി. ബെളഗാവിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ചന്ദ്രവ്വ ഹനുമന്ത് ഗോകാവി എന്ന വനിത നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കർണാടക ആർത്തവ അവധിയും ശുചിത്വ ബില്ലും, 2025 എന്ന നിർദ്ദിഷ്ട നിയമനിർമ്മാണം നടപ്പിലാക്കുന്നതുവരെ, നിലവിലുള്ള ആർത്തവ അവധി നയം "കാര്യക്ഷമമായി" നടപ്പിലാക്കാനും കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങളില്‍ പോലും ആര്‍ത്തവകാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസ്സിനെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അതേസമയം, 'കര്‍ണാടക മെന്‍സ്ട്രുവല്‍ ലീവ് ആന്‍ഡ് ഹൈജീന്‍ ബില്‍ 2025' നിലവില്‍ നിയമസഭയുടെ പരിഗണനയിലാണ്. സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രതിമാസ അവധിയും, വിദ്യാര്‍ഥിനികള്‍ക്ക് അറ്റന്‍ഡന്‍സില്‍ 2 ശതമാനം ഇളവും നല്‍കുന്നതാണ് പ്രസ്തുത ബില്‍.