എസ്ഐആർ നടപ്പാക്കാന്‍ തീരുമാനിച്ചത് ആര്? തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം

തെരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു
INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi
Lok Sabha LoP Rahul Gandhi, along with INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi.File Photo | PTI
Updated on: 
2 min read

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍) നടപടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ആരാണ് ഉത്തരവിട്ടത്, തെരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങള്‍ക്കിടയില്‍ തീരുമാനങ്ങളെച്ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെയാണ് പ്രതിപക്ഷം വിശദീകരണം തേടുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് 48 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേട് ആരോപണങ്ങളിലും തീരുമാനങ്ങള്‍ കൈക്കൊണ്ട രീതിയിലും വ്യക്തത തേടുകയാണ് ഹര്‍ജിക്കാര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഐടി വിഭാഗം ഡയറക്ടര്‍ ജനറല്‍ എന്നിവരില്‍നിന്ന് വ്യക്തിഗത സത്യവാങ്മൂലങ്ങളിലൂടെ മറുപടി ലഭിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പ്രതിപക്ഷം ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍

1. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് ഏകകണ്ഠമായ അംഗീകാരം ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ തീയതി, ഫയല്‍ നമ്പര്‍, യോഗത്തിന്റെ മിനിറ്റ്‌സ്, മറ്റ് രേഖകള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്ന് കമ്മിഷണര്‍മാരും എപ്പോള്‍, എങ്ങനെയാണ് അംഗീകാരം നല്‍കിയതെന്ന് വ്യക്തമാക്കണം.

2. എസ്ഐആര്‍, ഇസിഐനെറ്റ്, ഫോം 6, അപ്പീലുകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും എത്ര തവണ എതിര്‍പ്പുകളോ വിയോജിപ്പുകളോ രേഖപ്പെടുത്തിയിട്ടുണ്ട്?

3. രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് ആരാണ്? തീരുമാനം എടുത്ത തീയതി, അത് രേഖപ്പെടുത്തിയ ഫയല്‍, ഓരോ കമ്മിഷന്‍ അംഗത്തിന്റെയും അഭിപ്രായം എന്നിവ വ്യക്തമാക്കണം.

4. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അധികാരങ്ങള്‍ കൈമാറിയത്, ഇആര്‍ഒനെറ്റ്, ഇസിഐനെറ്റ് സംവിധാനങ്ങള്‍ കേന്ദ്രീകരിച്ചത്, പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള ഉത്തരവുകള്‍ക്കെതിരെ കമ്മിഷന്‍ അപ്പീല്‍ നല്‍കിയതും സംബന്ധിച്ച കാര്യങ്ങളിലും ചോദ്യങ്ങളുണ്ട്.

5. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകകണ്ഠമായാണോ ഭൂരിപക്ഷ വോട്ടിലൂടെയാണോ എടുത്തത്? ഏതെങ്കിലും അംഗം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നോ? ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇത്തരം വിയോജിപ്പുകള്‍ പരിഹരിച്ചിരുന്നോ?

6. 2026 ജൂലൈ 28ലെ ഓഫീസ് ഉത്തരവിന് അംഗീകാരം നല്‍കിയത് ആരാണ്? ജൂലൈ 30ന് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ സംയുക്തമായി നല്‍കിയ നിര്‍ദേശത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ യോജിച്ചിരുന്നോ?

7. പശ്ചിമ ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയ ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്?

INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi
രാഹുല്‍ ഗാന്ധി യുഎസിലേക്ക്; രാജ്യവിരുദ്ധ ശക്തികളുമായുള്ള കൂടിക്കാഴ്ചയാണോ ലക്ഷ്യമെന്ന് ബിജെപി

8. എസ്ഐആറിനിടെ സമര്‍പ്പിച്ച ഫോം 7 എതിര്‍പ്പുകളുടെ വിശദാംശങ്ങള്‍ നല്‍കണം. അമിതമായോ വ്യാജമായോ എതിര്‍പ്പുകള്‍ സമര്‍പ്പിച്ച സംഭവങ്ങളും ജനപ്രാതിനിധ്യ നിയമം, 1950-ലെ 31-ാം വകുപ്പ് പ്രകാരം സ്വീകരിച്ച നടപടികളും വ്യക്തമാക്കണം.

9. എസ്ഐആറുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ശേഷം നടപ്പാക്കിയ തിരുത്തല്‍ നടപടികളുടെ വിശദാംശങ്ങള്‍ നല്‍കണം. ഹാജരില്ലാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍, ഇരട്ടിപ്പുള്ള പേരുകള്‍ എന്നിവയായി അടയാളപ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് നല്‍കിയ അധിക അവസരങ്ങളും വ്യക്തമാക്കണം.

10. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്ക് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ലഭിച്ച അംഗീകാരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണം. വാട്‌സ്ആപ്പ്, ഇമെയില്‍ തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചിരുന്നോ? അത്തരം ആശയവിനിമയങ്ങളുടെ രേഖകള്‍ സൂക്ഷിച്ചിട്ടുണ്ടോ?

11. ഓണ്‍ലൈന്‍ ഫോം 6ല്‍ അധിക സത്യവാങ്മൂലം ഉള്‍പ്പെടുത്തിയത് ആരുടെ അനുമതിയോടെയാണ്? ഇത് എപ്പോഴാണ് ഉള്‍പ്പെടുത്തിയത്? കമ്മിഷന്‍ ഇതിന് അംഗീകാരം നല്‍കിയിരുന്നോ?

12. അധിക സത്യവാങ്മൂലമോ വോട്ടര്‍ പട്ടികയിലെ മാപ്പിങ് വിവരങ്ങളോ നല്‍കാത്തതിന്റെ പേരില്‍ എത്ര ഓണ്‍ലൈന്‍ ഫോം 6 അപേക്ഷകള്‍ നിരസിക്കുകയോ തീര്‍പ്പാക്കാതെ മാറ്റിവെക്കുകയോ നടപടിയെടുക്കാതെ ഉപേക്ഷിക്കുകയോ ചെയ്തു?

13. എസ്ഐആറിന് മുമ്പുള്ള വോട്ടര്‍ പട്ടിക, കരട് പട്ടിക, അന്തിമ പട്ടിക എന്നിവയ്ക്കിടയില്‍ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ളതും ലിംഗാടിസ്ഥാനത്തിലുള്ളതുമായ കണക്കുകള്‍ നല്‍കണം. ഒഴിവാക്കാനുള്ള കാരണങ്ങളും വ്യക്തമാക്കണം.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ചില തീരുമാനങ്ങളില്‍ എതിര്‍പ്പ് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ ഇരുവരും കമ്മിഷന്റെ ചില തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍, എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ഉത്തരവുകളും മൂന്ന് കമ്മിഷണര്‍മാരും ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നാണ് ഒക്ടോബര്‍ 26ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. ഫോം 6ല്‍ മാറ്റം വരുത്തിയിട്ടില്ലെന്നും എസ്ഐആറിനായി പ്രത്യേക ഡിക്ലറേഷന്‍ ഫോം മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും കമ്മിഷന്‍ വിശദീകരിച്ചിരുന്നു.

എസ്ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികളും കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi
കാവേരിയില്‍ അണ കെട്ടാന്‍ കര്‍ണാടക, എതിര്‍പ്പുമായി തമിഴ്നാട്; വീണ്ടും ജലപ്പോര്; എന്താണ് മേക്കേദാട്ടു തര്‍ക്കം?
INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi
തമിഴ്നാട് മന്ത്രി ആദവ് അർജുനയും ഡെയ്സി മാർട്ടിനും വിവാഹമോചിതരാകുന്നു; 14 വർഷത്തെ ദാമ്പത്യത്തിന് വിരാമം
INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi
സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ അഭിഭാഷകനെ പുറത്താക്കി
Summary

INDIA Bloc Raises 48 Questions to Election Commission Over Voter List Revision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER