

ന്യൂഡല്‍ഹി: മാലിദ്വീപിന്റെ ടൂറിസം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാരുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇത് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനും ഇടയാക്കി. ഇതിന് പിന്നാലെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഇന്ത്യന്‍ സഞ്ചാരികളാണ്, അവരുടെ മാലിദ്വീപ് യാത്ര റദ്ദാക്കി ലക്ഷദ്വീപിലേക്ക് തിരിച്ചത്. ഇതാണ് മാലിദ്വീപിന്റെ ടൂറിസം റാങ്കിങ്ങില്‍ പ്രതിഫലിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാലിദ്വീപിന്റെ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്ത്യയുടെ സ്ഥാനം അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്നത്. 2023ല്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് ഉണ്ടായതായാണ് മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയെ പിന്നിലാക്കി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. 2023ല്‍ റഷ്യയായിരുന്നു രണ്ടാം സ്ഥാനത്ത്. ജനുവരി 28 വരെയുള്ള മൂന്നാഴ്ചയ്ക്കിടെ 18,561 റഷ്യക്കാരാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 13,989 പേര്‍ മാത്രമാണ് മാലിദ്വീപ് സന്ദര്‍ശിച്ചത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചൈനയും യുകെയുമാണ് തൊട്ടുമുന്നില്‍.
ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 2,09,198 ഇന്ത്യന്‍ സഞ്ചാരികളാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. മൊത്തം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇത് 11 ശതമാനം വരും. കഴിഞ്ഞ മൂന്നാഴ്ച കാലയളവില്‍ ഇത് എട്ടുശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
