ന്യൂഡല്‍ഹി: വിദേശ ശക്തികളില്‍ നിന്നോ ആഭ്യന്തര ശക്തികളില്‍ നിന്നോ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ പ്രതിരോധിക്കണമെന്നും പ്രതികരിക്കണമെന്നും വിശദീകരിക്കുന്ന ദേശീയ സുരക്ഷാ തന്ത്രം തയ്യാറാകുന്നു. ഇന്ത്യയുടെ ആദ്യത്തെ ദേശീയ സമഗ്ര സുരക്ഷാ നയമായ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി (എന്‍എസ്എസ്) ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല കാലഘട്ടങ്ങളിലായി ഇത്തരത്തിലൊരു നയം കൊണ്ടുവരാന്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ കാലത്ത് ശുപാര്‍ശകള്‍ വന്നിരുന്നതാണെങ്കിലും വിഷയങ്ങളെ രാഷ്ട്രീയമായി സൗകര്യപ്രദമായി കൈകാര്യം ചെയ്യാനുള്ള വിവേചനാധികാരം നിലനിര്‍ത്താനാണ് മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചത്.
സമഗ്രമായൊരു ദേശീയ സുരക്ഷാ-പ്രതിരോധ തന്ത്രം കൊണ്ടുവരുന്നതിനായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ സുരക്ഷാ കൗണ്‍സില്‍ (എന്‍എസ്സി) രൂപീകരിച്ചു. സമഗ്ര ദേശീയ സുരക്ഷാ തന്ത്രത്തിന്റെ കരട് തയ്യാറാക്കാനായി 2018-ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് ( എന്‍എസ്സിഎസ്) രൂപം നല്‍കി. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് എന്‍എസ്സിഎസ്.
ഭീഷണികളെ സമഗ്രമായി മുന്‍കൂട്ടിക്കാണുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബര്‍ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, ഹൈബ്രിഡ് ഭീഷണി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം എന്നിവയിലൂന്നിയുള്ള പ്രതിരോധ തന്ത്രത്തിനാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് രൂപംകൊടുത്തത്.
ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷാ വെല്ലുവിളികളെയും ഭീഷണികളെയും വിശദമായി മനസിലാക്കി പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ വേണ്ടിയാണ് സുരക്ഷ തന്ത്രത്തിന് രൂപം നല്‍കിയത്. നിലവില്‍ ഇതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യമായ എല്ലാ വിവരങ്ങളും സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, കരട് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ദേശീയ സുരക്ഷാ കൗണ്‍സിലിന് (എന്‍എസ്സി) മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates