

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇന്ത്യ തുടരുകയാണെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞ വര്‍ഷം വധിച്ച 31 ഭീകരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രാമണത്തില്‍ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചതായും സൈനിക മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് തയ്യാറായിരുന്നെങ്കില്‍ അതിര്‍ത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യ തയ്യാറാകുമായിരുന്നു. നാലുദിവസത്തിനുള്ളില്‍, പരമ്പരാഗത യുദ്ധത്തിലേക്ക് സംഘര്‍ഷം മാറുമായിരുന്നു. ഓപ്പറേഷനില്‍ സിന്ദൂറില്‍ നൂറ് പാക് സൈനികരെ വധിച്ചതായും ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്നും, പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇനിയൊരുവീഴ്ചയുണ്ടാല്‍ തകര്‍ത്തുകളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഞങ്ങളുടെ കണ്ണുകളും കാതുകളും എപ്പോഴും തുറന്നിരിക്കുകയാണ്, കാരണം ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിന് കീഴില്‍ എന്തൊക്കെ നടപടികളാണോ സ്വീകരിക്കേണ്ടത്, അവയെല്ലാം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിക്കഴിഞ്ഞു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയതായും പുതിയ ആളുകള്‍ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകള്‍ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ട്. ഇവയില്‍, രണ്ടെണ്ണം അന്താരാഷ്ട്ര അതിര്‍ത്തിക്ക് എതിര്‍വശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളില്‍ ചില സാന്നിധ്യവും പരിശീലന പ്രവര്‍ത്തനങ്ങളും ഉണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും കണ്ടെത്തിയാല്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates