

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്തിയ യുഎസ് നടപടിയുടെ ആഘാതം മറികടക്കാന്‍ നീക്കങ്ങളുമായി ഇന്ത്യ. കയറ്റുമതി വ്യവസായത്തിന് ഉണ്ടാകുന്ന തിരിച്ചടി മറികടക്കാന്‍ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വായ്പകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് പരിഗണനയിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി മേഖലയെ വൈവിധ്യവത്കരിക്കാനുള്ള സമയം എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. കയറ്റുമതി വ്യവസായികള്‍ ആവശ്യപ്പെട്ട ലിക്വിഡിറ്റി സൗകര്യം ഉള്‍പ്പെടെ പരിഗണനയില്‍ ആണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്, അവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കയറ്റുമതി വൈവിധ്യവല്‍ക്കരണം, പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎകള്‍), പിന്തുണാ നടപടികള്‍, ആഭ്യന്തര വിപണിയുടെ ഉപയോഗം എന്നിവയിലൂടെ യുഎസ് താരിഫുകളുടെ ആഘാതത്തില്‍ നിന്ന് വ്യവസായികളെ സംരക്ഷിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. താരിഫ് ബാധിക്കുന്ന മേഖലകളിലെ ചെറുകിട (എംഎസ്എംഇ) കയറ്റുമതിക്കാര്‍ക്ക് അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം, ആസ്തി കുറയ്ക്കാതെ കയറ്റുമതിക്കാര്‍ക്ക് സഹായിക്കുന്ന കയറ്റുമതി വായ്പകള്‍ക്ക് മൊറട്ടോറിയം, കയറ്റുമതി റിയലൈസേഷന്‍ കാലയളവ് നീട്ടല്‍ എന്നിവയാണ് പരിഗണനയിലുള്ള മറ്റ് നടപടികള്‍ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കയറ്റുമതി പുതിയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്‍പ്പെടെയുള്ള സാധ്യതകള്‍ ഉള്‍പ്പെടെ ഇന്ത്യ പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരിഫ് നിരക്ക് പ്രധാനമായും ബാധിക്കുന്ന രാസവസ്തുക്കള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരുമായി ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ക്ക് ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് വിവരംഏകദേശം 40 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെ, ദക്ഷിണ കൊറിയ, ജപ്പാന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയവരുമായാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. യുഎസ് താരിഫ് ഉയര്‍ത്തിയതോടെ ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) നഷ്ടമാണ് ഇന്ത്യയ്ക്ക് യുഎസ് വിപണിയില്‍ നേരിടേണ്ടി വരിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates