

ന്യൂഡല്‍ഹി: വിവിധ കാരണങ്ങളാല്‍ വീടുവിട്ട് ഒളിച്ചോടിയും കുറ്റവാളികളാല്‍ കടത്തപ്പെട്ടും ഒറ്റപ്പെട്ട കുട്ടികളെ കണ്ടെത്തിയതിന്റെ കണക്കുകള്‍ പുറത്തുവിട്ട് റെയില്‍വെ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനാറായിരത്തില്‍ അധികം ഇത്തരത്തിലുള്ള കുട്ടികളെയാണ് റെയില്‍വെ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മൂവായിരത്തില്‍ അധികം പെണ്‍കുട്ടികളുണ്ടെന്നും റെയില്‍വെ നടപ്പാക്കിയ ഓപ്പറേഷന്‍ 'നാന്‍ഹെ ഫാരിസ്റ്റേ' പ്രകാരമുള്ള കണക്കുകള്‍ പറയുന്നു.
ടെയിനുകള്‍, റെയില്‍വെയുടെ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ കൂട്ടികളുടെ കണക്കുകളാണ് റെയില്‍വെ പങ്കുവച്ചത്. കൗമാരക്കാരായ പതിനായിരത്തില്‍ അധികം ആണ്‍കുട്ടികളെയാണ് 2024 ല്‍ കണ്ടെത്തിയത്. ഇതേപ്രായത്തിലുള്ള 3000 പെണ്‍കുട്ടികളെയും റെയില്‍വെ അധികൃതര്‍ കണ്ടെത്തി. ഈ വര്‍ഷം പാതി പൂര്‍ത്തിയാകുമ്പോഴും (ജൂണ്‍ വരെ) നിസാര കാര്യങ്ങളുടെ പേരില്‍ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ വീടുവിട്ടിറങ്ങിയ 7,570 ആണ്‍കുട്ടികളെയും 3,344 പെണ്‍കുട്ടികളെയുമാണ് കണ്ടെത്തിയത്. ഈ വര്‍ഷം ജൂണ്‍ വരെ 4,177 ആണ്‍കുട്ടികളെയും 1,911 പെണ്‍കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് റെയില്‍വെ വ്യക്തമാക്കുന്നു.
വീട് വിട്ടിറങ്ങിയ കൂട്ടികള്‍ക്ക് പുറമെ തട്ടിക്കൊണ്ടുപോയ 69 കുട്ടികളെയും കഴിഞ്ഞ വര്‍ഷം കണ്ടെത്താന്‍ കഴിഞ്ഞതായും റെയില്‍വെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 2025 ല്‍ ഇതുവരെ ഇരുപതില്‍ അധികം കേസുകള്‍ ഈ ഗണത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.
നിസാര വിഷയങ്ങളിലാണ് മിക്ക കുട്ടികളും വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ തയ്യാറായത്. പഠന പ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ ശാസന, പരീക്ഷയില്‍ മാര്‍ക്ക് കുറയല്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. മെട്രോ നഗരങ്ങളില്‍ എത്തിയാല്‍ ജോലി ലഭിക്കുന്ന ധാരണയാണ് പലരെയും വീട് വിടാന്‍ പ്രേരിപ്പിച്ചതെന്നും റെയില്‍വെ അധികൃതര്‍ പറയുന്നു. എന്നാല്‍ വീടുവിട്ടിറങ്ങിയതിന് പിന്നാലെ ഉണ്ടാകുന്ന അലച്ചിലും ബുദ്ധിമുട്ടുകളും മൂലം പലരും വിഷാദ രോഗത്തിന്റെ വക്കിലെത്തിയ നിലയിലാണ് പലകുട്ടികളെയും കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളെ ഔപചാരിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിടുകയാണ് പതിവെന്നും അധികൃതര്‍ പറയുന്നു.
ഈ വര്‍ഷം ഇതുവരെ 7 ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി റെയില്‍വെ പറയുന്നു. 2024 ല്‍ ഇത് 65 കുട്ടികളായിരുന്നു ഈ ഗണത്തില്‍പ്പെടുന്നത്. 2024 ല്‍ 69 കൗമാരക്കാരായ പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ട് പോകലില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 13 പേരെ ഇത്തരത്തില്‍ റെയില്‍വെ പൊലീസ് രക്ഷപ്പെടുത്തിയെന്നും റെയില്‍വെ വ്യക്തമാക്കുന്നു.
ട്രെയിനില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധന ഏറെ പ്രധാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനുകളിലോ ട്രെയിനുകളിലോ കാണാതായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ 844 ആണ്‍കുട്ടികളെയാണ് 2024 ല്‍ കണ്ടെത്തിയത്. 2025-ല്‍ (ജൂണ്‍ വരെ) 405 പിന്നിട്ടു. ഈ വിഭാഗത്തില്‍ 436 പെണ്‍കുട്ടികളെയാണ് 2024-ല്‍ കണ്ടെത്തിയത്. 2025-ല്‍ (ജൂണ്‍ വരെ) 222 പെണ്‍കുട്ടികളെയും റെയില്‍വേ കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു. വിവിധ തരത്തിലുള്ള ആരോഗ്യ മാനസിക വെല്ലുവിളികള്‍ നേരിടുന്നതും പരിചരണം വേണ്ടതുമായ കുട്ടികളെയും ഇത്തരത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും റെയില്‍വെ പറയുന്നു. '2024 ജനുവരി മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രത്യേക പരിചരണം വേണ്ട 1,399 ആണ്‍കുട്ടികളെയും 659 പെണ്‍കുട്ടികളെയും കണ്ടെത്താന്‍ കഴിഞ്ഞെന്നും റെയില്‍വെ വ്യക്തമാക്കുന്നു.
Indian railway s Operation ‘Nanhe Faristey’ over 10,000 teenage boys and 3,000 teenage girls were rescued from trains and railway areas in 2024.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
