

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം അക്രമാസക്തമായി വ്യാപിക്കുന്നതിനിടെ സഹായ അഭ്യര്‍ഥനയുമായി ഇന്ത്യയില്‍ നിന്നും വിനോദ സഞ്ചാരികള്‍. നേപ്പാളിലെ പൊഖാറ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ഉരാളായ ഉപാസ്ഥ ഗില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് നേപ്പാളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യുവതി വിവരിക്കുന്നത്. പ്രഫൂല്‍ ഗാര്‍ഗ് എന്നയാളുടെ അക്കൗണ്ടിലൂടെയാണ് യുവതി സഹായം അഭ്യര്‍ഥിക്കുന്നത്.
തങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് അക്രമികള്‍ തീയ്യിട്ടതായും സാധനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടെന്നും യുവതി വിഡിയോയില്‍ അവകാശപ്പെടുന്നു. തങ്ങളെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യമാണ് യുവതി വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. കണ്ണില്‍ കാണുന്നതെല്ലാം അക്രമികള്‍ അഗ്നിക്കിരയാക്കുകയാണ്. വിനോദ സഞ്ചാരിയെന്നോ, ജോലിക്കാരെന്നോ വ്യത്യാസം പോലും അവര്‍ നോക്കുന്നില്ല. ആളുകള്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നും യുവതി പറയുന്നു. താനുള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യുവതി പറയുന്നു.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ താമസസ്ഥലം വിട്ട് പുറത്തിറങ്ങരുത്, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, നേപ്പാള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായാണ് റിപ്പോര്‍ട്ടുകൾ. സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 900 തടവുപുള്ളികള്‍ രക്ഷപ്പെട്ടു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates