ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതല്‍ ആരംഭിക്കും.പുതിയ പദവി ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അടുത്തവര്‍ഷം ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതല്‍ സജീവമാകും. ഇന്ത്യ അടുത്തവര്‍ഷം നവംബറില്‍ ബ്രസീലിനാണ് അധ്യക്ഷ പദം കൈമാറുക.
അതിനിടെ അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുന്നതിന് പിന്തുണ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ തുടരുന്നതിന് പിന്തുണ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീന്‍- പിയറി മാധ്യമങ്ങളോട് പറഞ്ഞു.
വടക്കുകിഴക്കിന്റെ സാംസ്‌കാരികത്തനിമ പ്രദര്‍ശിപ്പിക്കുന്ന ഹോണ്‍ബില്‍ ഉത്സവത്തോടെയാണ് ജി-20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ആഘോഷം ആരംഭിക്കുന്നത്. കിസാമയിലെ നാഗാ പൈതൃകഗ്രാമത്തില്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 10 വരെയാണ് ഉത്സവം. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച 100 ദേശീയ സ്മാരകങ്ങളില്‍ ജി-20 ലോഗോ പ്രകാശനം ചെയ്യും. ഇവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫി മത്സരവും സംഘടിപ്പിക്കും.
ഇന്തോനേഷ്യയില്‍ നിന്നാണ് ഇന്ത്യ അധ്യക്ഷ പദവി ഏറ്റെടുത്തത്. ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉള്‍ക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതി നടപ്പാക്കുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ ജി-20 അധ്യക്ഷ സ്ഥാനം കര്‍മ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനം എറ്റെടുക്കുന്ന നരേന്ദ്രമോദി റഷ്യ-ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിയ്ക്കാന്‍ ജി-20 അധ്യക്ഷന്‍ എന്ന നിലയില്‍ ഇടപെടുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ മാസം നടന്ന ജി-20 വേദിയില്‍ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. സന്ദേശത്തില്‍ യുക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates