

ന്യൂഡല്‍ഹി: 2014 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ അക്രമകുറ്റകൃത്യങ്ങളില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ബലാത്സംഗം, സ്ത്രീധനമരണങ്ങള്‍, കലാപങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറവ് വന്നതായി എന്‍സിആര്‍ബി പറയുന്നു.
29 ശതമാനമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ 1.45 ലക്ഷം കേസുകളില്‍ നിന്ന് 2023ല്‍ 1.02 ലക്ഷം കേസുകളായി. 2004ല്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ 2023 ആയപ്പോള്‍ 1.18 ലക്ഷം കേസുകള്‍ കുറവാണ്. കഴിഞ്ഞ 20 വര്‍ഷം ഇത്തരം അക്രമ സംഭവങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ പറയുന്നത്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുത്തനെ കുറവ് രേഖപ്പെടുത്തിയെന്ന് ഡേറ്റ കാണിക്കുന്നത്. 2004നും 2014 നും ഇടയില്‍ ഇരട്ടിയായി വര്‍ധിച്ച ബലാത്സംഗ കേസുകള്‍ 2014ല്‍ 36,735 ഉം 2023 ല്‍ 29,670 ആയി കുറഞ്ഞു. 19 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. സ്ത്രീധനമരണങ്ങള്‍ ഒരു കാലത്ത് ആശങ്കാജനകമായ അവസ്ഥയാണുണ്ടായത്. 2014ല്‍ 8,455 കേസുകളില്‍ നിന്ന് 2023ല്‍ 6,156 ആയി കുറഞ്ഞു. 27 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് കുറ്റകുറ്റകൃത്യങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സ്ത്രീധന പീഡന മരണങ്ങളിലാണ്.
കൊലപാതകങ്ങളും കലാപങ്ങളും കുറഞ്ഞു
മറ്റ് തരത്തിലുള്ള അക്രമ കുറ്റകൃത്യങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കലാപങ്ങള്‍ 40 ശതമാനം കുറഞ്ഞു, 2014-ല്‍ 66,042 കേസുകളില്‍ നിന്ന് 2023-ല്‍ 39,260 ആയി. ഇതേ കാലയളവില്‍ കൊലപാതകങ്ങള്‍ 18 ശതമാനം കുറഞ്ഞു, 33,981-ല്‍ നിന്ന് 27,721 ആയി.
പൊലീസ് സംവിധാനങ്ങളും നിയമപരിഷ്‌കാരങ്ങളും മാറ്റത്തിന് കാരണമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊലീസ് സംവിധാനം മാറിയതും ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് അവര്‍ പറയുന്നു.
പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായി ആശയവിനിമയ സംവിധാനങ്ങള്‍, നിരീക്ഷണ ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിയ്ക്കായി 2021 മുതല്‍ 4,846 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 37 വിഭാഗങ്ങളുള്ള ഒരു പ്രത്യേക വിങ് രൂപീകരിച്ചതും ഗുണം ചെയ്തെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates