

മുംബൈ: ഡ്രൈവറുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെങ്കിലും വാഹനാപകടങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ലൈസന്‍സ് കാലാവധി കഴിഞ്ഞതു കൊണ്ട് ഡ്രൈവര്‍ വൈദഗ്ധ്യമില്ലാത്ത ആളാവുന്നില്ലെന്ന് ജസ്റ്റ്‌സ് എസ്ജി ദിഗെ പറഞ്ഞു.
2011 നവംബറില്‍ വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് വാഹന ഉടമയില്‍നിന്നു പിന്നീട് ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി.
അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് കാലാവധി തീര്‍ന്നിരുന്നെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്‍നിന്ന് ഒഴിവാക്കിയ ട്രൈബ്യൂണല്‍ വിധിക്കെതിരെ മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇന്‍ഷുറന്‍സ് കമ്പനിയല്ല അപകടത്തിന് ഇടയാക്കിയ ട്രക്കിന്റെ ഉടമയാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്.
സ്ത്രീ പിന്‍യാത്രക്കാരിയായി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപകട സമയത്ത് ട്രക്ക് ഇന്‍ഷുര്‍ ചെയ്തിരുന്നു. നഷ്ടപരിഹാരത്തുക നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കമ്പനിയെ ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപകട സമയത്ത് ഡ്രൈവറുടെ ലൈസന്‍സ് പുതുക്കിയിരുന്നില്ല. എന്നാല്‍ അതിനര്‍ഥം ഡ്രൈവര്‍ വൈദഗ്ധ്യമില്ലാത്തയാള്‍ ആയിരുന്നുവെന്നല്ല. ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കുകയും അതു പിന്നീട് ഉടമയില്‍നിന്ന് ഈടാക്കുകയും ചെയ്യുകയെന്നതാണ് സാമാന്യ നിയമതത്വമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇത് കണക്കിലെടുക്കാതെയാണ് ട്രൈബ്യൂണല്‍ വിധി പറഞ്ഞതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
നഷ്ടപരിഹാരം ലഭിക്കുക മാത്രമാണ് അപകടത്തിനിരയായവരുടെ കുടുംബത്തിന്റെ അവകാശമെന്നും അത് ആരു തരണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്. ഇതു ഹൈക്കോടതി അംഗീകരിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates