

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം വരുന്നു. തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ സംഘടിപ്പിച്ച വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവിലാണ് ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തില്‍ നടന്ന കോണ്‍ക്ലേവില്‍ 97 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.
തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിനെ സംബന്ധിച്ച് നിക്ഷേപ സമാഹരണ യജ്ഞത്തിലെ വന്‍ നേട്ടമാണിത്. വ്യവസായമന്ത്രി എസ് കീര്‍ത്തനയുടെ സാന്നിധ്യത്തിലായിരുന്നു ധാരണാ പത്രം ഒപ്പിടല്‍ നടന്നത്. നിക്ഷേപത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഓട്ടോമോട്ടീവ്, റിന്യൂവബിള്‍സ് ആന്റ് ലൈഫ് സയന്‍സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നത്. വിജയ് സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ ആകെ നിക്ഷേപ വാഗ്ദാനങ്ങള്‍ ഒരു ലക്ഷം കോടി രൂപ കവിയുമെന്നും, ഇത് 1.20 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി കീര്‍ത്തന പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിവസവും ആയിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിലുള്ള വിശ്വാസമാണ് ഇതു തെളിയിക്കുന്നത്. 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി, ഏതാണ്ട് ഒരു ലക്ഷം കോടിയോളം ലഭിക്കാവുന്ന 104 ധാരണാപത്രങ്ങള്‍ ഇതിനോടകം ഒപ്പുവെച്ചതായും മന്ത്രി കീര്‍ത്തന വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates