ഇന്ത്യ എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം; അഭിമാനമായി സ്‌പെഡെക്‌സ് ദൗത്യം, കൂടുതല്‍ പരീക്ഷണങ്ങളിലേക്ക്

ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി
ISRO sucessfully docks satellites as part of SpaDeX Mission
സ്‌പെഡെക്‌സ് ദൗത്യം വിജയകരംഐഎസ്ആർഒ എക്സിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

ബംഗളൂരു: ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യയില്‍ പൂര്‍ണമായി കഴിവു തെളിയിക്കണമെങ്കില്‍ ഐഎസ്ആര്‍ഒ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രയാന്‍ 4, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം, സ്വന്തം ബഹിരാകാശ നിലയം എന്നി ഭാവി ലക്ഷ്യങ്ങള്‍ക്ക് സ്‌പേസ് ഡോക്കിങ് പരീക്ഷണം ആത്മവിശ്വാസം പകരും. രണ്ടുതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ന് രാവിലെയാണ് സ്‌പെഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തത്. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഡിസംബര്‍ 30നാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് വിക്ഷേപിച്ചത്. സ്‌പെഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ചാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ചാണ് ഒന്നിച്ചത്.

വിക്ഷേപണത്തിനുശേഷം അഞ്ച് മുതല്‍ ആറ് വരെ ഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഇന്ത്യന്‍ ഡോക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പെറ്റല്‍ അധിഷ്ഠിത ഡോക്കിങ് സിസ്റ്റമാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും ഐഎസ്ആര്‍ഒ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ജനുവരി 11 ആയപ്പോഴേക്കും രണ്ട് ഉപഗ്രഹങ്ങളും 1.5 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് 230 മീറ്റര്‍ ദൂരത്തിലേക്ക് അടുത്തു. എല്ലാ സെന്‍സറുകളും വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നതെന്ന് യുആര്‍എസ്സി ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു.

കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളുടെ പേര് എസ്ഡിഎക്‌സ് 01- ചേസര്‍, എസ്ഡിഎക്‌സ് 02- ടാര്‍ഗറ്റ് എന്നിങ്ങനെയാണ്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്.കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രോ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com