

ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടിയുടെ മുകള്‍ഭാഗത്ത് നിന്ന് 'ഗ്രീന്‍ ബൂട്ട്‌സ്' എന്നറിയപ്പെടുന്ന പര്‍വതാരോഹകന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനായി പ്രത്യേക ഹൈ-ആള്‍ട്ടിറ്റിയൂഡ് റിക്കവറി ഏജന്‍സിയെ (ഉയരമുള്ള പ്രദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ വീണ്ടെടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഏജന്‍സി) ഏല്‍പ്പിക്കുന്നതിനായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ടെന്‍ഡര്‍ വിളിച്ചു. ഓക്‌സിജന്‍ വളരെ കുറവായ എവറസ്റ്റിലെ 'ഡെത്ത് സോണ്‍' (മരണമേഖല) എന്നറിയപ്പെടുന്ന 8,000 മീറ്റര്‍ ഉയരത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി ഇദ്ദേഹത്തിന്റെ മൃതദേഹം കിടക്കുകയാണ്.
ഈ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. വിദഗ്ധരായ ആളുകളുടെ ഒരു സംഘം ഈ മേഖലയില്‍ എത്തി മൃതദേഹം വീണ്ടെടുത്ത് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. കുറഞ്ഞത് പരിചയ സമ്പന്നരായ ആറ് പേരെയെങ്കിലും ഈ ദൗത്യം ഏല്‍പ്പിക്കും.
ടെന്‍ഡര്‍ ലഭിക്കുന്ന ഏജന്‍സി ടിബറ്റിലെ ചൈനീസ് അധികാരികളില്‍ നിന്ന് അനുമതി വാങ്ങുക, ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തിയിലുടനീളം ഗതാഗതം ക്രമീകരിക്കുക, മൃതദേഹം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക, ഭൗതികശരീരം കേടുകൂടാതെ സൂക്ഷിക്കുക എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.
പതിറ്റാണ്ടുകളായി തണുത്തുറഞ്ഞ അവസ്ഥയില്‍ കിടക്കുന്ന മൃതദേഹം ആദരവോടും സുരക്ഷിതത്വത്തോടും കൂടി കേടുപാടുകള്‍ ഇല്ലാതെ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ കരാര്‍ ലഭിക്കുന്ന കമ്പനി ഉപയോഗിക്കണം എന്നും വ്യവസ്ഥയുണ്ട്.
അദ്ദേഹം ധരിച്ചിരുന്ന തിളങ്ങുന്ന പച്ച നിറത്തിലുള്ള ബൂട്ടുകളാണ് ഈ പര്‍വതാരോഹകന് 'ഗ്രീന്‍ ബൂട്ട്‌സ്' എന്ന പേര് നല്‍കിയതെങ്കിലും, ഇത് ആരുടെ മൃതദേഹമാണെന്ന് ഇപ്പോഴും കൃത്യമായ ഉറപ്പില്ല. 1996-ല്‍ നോര്‍ത്ത് റിഡ്ജ് പാതയിലൂടെ കൊടുമുടി കയറാന്‍ ശ്രമിക്കുന്നതിനിടെ ദുരന്തത്തില്‍പ്പെട്ട, ഐ.ടി.ബി.പിയിലെ ആറ് ഇന്ത്യന്‍ മലകയറ്റക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇത് ലാന്‍സ് നായിക് ദോര്‍ജെ മൊറൂപ്പ് എന്ന പര്‍വതരോഹകന്റെ മൃതദേഹമാണെന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍, 1996 മെയ് 10-ന് സുബേദാര്‍ ത്സേവാങ് സമന്‍ലയ്‌ക്കൊപ്പം കയറിയ ഹെഡ് കോണ്‍സ്റ്റബിള്‍ ത്സേവാങ് പാല്‍ജോറിന്റെ മൃതദേഹമാണിതെന്ന് മറ്റ് ചിലര്‍ അവകാശപ്പെടുന്നു.
ഈ മൂന്ന് പേരും എവറസ്റ്റ് കൊടുമുടിയുടെ തൊട്ടടുത്ത് എത്തിയെങ്കിലും മടങ്ങാന്‍ നിര്‍ബന്ധിതരാവുകയും മരണമേഖലയില്‍ തന്നെ കുടുങ്ങിപ്പോകുകയുമായിരുന്നു എന്ന് പറയപ്പെടുന്നു. 8,570 മീറ്റര്‍ ഉയരത്തിലുള്ള 'സെക്കന്‍ഡ് സ്റ്റെപ്പ്' എന്നറിയപ്പെടുന്ന സ്ഥലത്തിന് മുകളില്‍ ഹെഡ്ലാമ്പുകള്‍ ചലിക്കുന്നത് കണ്ടതായി സംഘത്തിലെ ബാക്കി മൂന്ന് അംഗങ്ങള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആ വെളിച്ചം വൈകാതെ അണയുകയും മൂന്ന് പേരും കുടുങ്ങിപ്പോവുകയുമായിരുന്നു.
എവറസ്റ്റില്‍ ഏകദേശം ഇരുന്നൂറോളം മൃതദേഹങ്ങള്‍ തണുത്തുറഞ്ഞു കിടക്കുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും മരണമേഖലയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതോടെ ഇനിയും കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തുവന്നേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates