പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ഗ്യേര്‍ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സഞ്ജയ് സിങ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ആദ്യഘട്ട വോട്ടെടപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മുന്‍ഗ്യേര്‍.
ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അവസാന നിമിഷം പിന്‍മാറിയതോടെ മത്സരം എന്‍ഡിഎയും ഇന്ത്യസഖ്യവും തമ്മിലായി. മുന്‍ഗ്യേര്‍ ബിജെപി സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ ബിജെപി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ബിഹാര്‍ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.
ജന്‍സുരാജ് പാര്‍ട്ടിയുടെ ആശയം മികച്ചതും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നു എന്നാല്‍ യഥാര്‍ഥ മാറ്റം കൊണ്ടുവരാന്‍ ഉറച്ചതും ശക്തവുമായ ഒരു നേതൃത്വം ആവശ്യമാണ്, അത് ജനസൂരാജിന് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് എന്‍ഡിഎയുടെ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് ബിജെപിക്ക് പിന്തുണ നല്‍കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്ന മണ്ഡലത്തില്‍ താന്‍ പിന്‍മാറിയതോടെ എന്‍ഡിഎയടെ വിജയം ഉറപ്പായെന്നും സഞ്ജയ് സിങ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ പത്തിനാണ്. വോട്ടെണ്ണല്‍ പതിനാലിനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates