

പട്ന: അക്രമി സംഘത്തില്‍നിന്ന് വെടിയേറ്റ ശേഷവും കിലോമീറ്ററുകള്‍ വാഹനം ഓടിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി ബിഹാര്‍ സ്വദേശി. ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ ജീപ്പ് ഡ്രൈവറായ സന്തോഷ് സിങ്ങാണ് വയറ്റില്‍ വെടിയേറ്റ ശേഷവും കിലോമീറ്റുകള്‍ വാഹനം ഓടിച്ച് അക്രമി സംഘത്തില്‍ യാത്രക്കാരെ രക്ഷിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
'തിലകം' ചടങ്ങില്‍ പങ്കെടുത്ത് ജീപ്പില്‍ മടങ്ങുകയായിരുന്ന സംഘത്തില്‍ 15 പേര് ഉണ്ടായിരുന്നു. ജൗന് ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വാഹനത്തെ പിന്തുടരുകയും സന്തോഷ് സിങ്ങിന്റെ വയറ്റില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അസഹ്യമായ വേദന ഉണ്ടായിട്ടും സന്തോഷ് വാഹനം നിര്‍ത്താതെ കിലോമീറ്ററുകളോളം യാത്ര തുടര്‍ന്നു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ജീപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സന്തോഷ് സിങ്ങിനെ അരയിലെ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയില്‍ ബുള്ളറ്റ് നീക്കം ചെയ്തു.
സന്തോഷ് സിങ് അപകടനില തരണം ചെയ്തതായും കുറച്ചു ദിവസം കൂടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ജഗദീഷ്പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രാജീവ് ചന്ദ്ര സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേദിവസം പ്രതികള്‍ മറ്റൊരു വാഹനത്തെയും ആക്രമിച്ചതായും യാത്രക്കാര്‍ നല്കിയ വിവരമനുസരിച്ച് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates