ബംഗളൂരു: ആര്‍എസ്എസിനോടും സംഘപരിവാറിനോടും ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സനാതനികളുമായി കൂട്ടുകൂടരുതെന്നും ഭരണഘടനയെ ചരിത്രപരമായി എതിര്‍ത്തവരുമായി സഹകരിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂര്‍ സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.
നിങ്ങളുടെ കൂട്ടുകെട്ടുകള്‍ നല്ലതായിരിക്കണം. സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നവരുമായി സഹകരിക്കുക. സാമൂഹിക മാറ്റത്തെ എതിര്‍ക്കുന്നവരുമായോ സനാതനികളുമായോ അല്ല സഹകരിക്കേണ്ടത്. പൊതുവിദ്യാലയങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍എസ്എസ് അടക്കം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ വിലക്കുന്ന ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയും സമാനമായ ഉത്തരവ് പാസാക്കിയിട്ടുണ്ടെന്നും മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് 2013-ല്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ ഒരു തുടര്‍ച്ച മാത്രമാണ് നിരോധനമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു, സമൂഹത്തില്‍ സനാതനികളും യാഥാസ്ഥിതികരും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കാണിക്കുന്നു. ഈ പ്രവൃത്തിയെ ദലിതര്‍ മാത്രമല്ല, എല്ലാവരും അപലപിക്കണം. എങ്കില്‍ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിലാണെന്ന് നമുക്ക് പറയാന്‍ കഴിയൂ, സിദ്ധരാമയ്യ പറഞ്ഞു. ആര്‍എസ്എസും സംഘപരിവാറും അംബേദ്കറുടെ ഭരണഘടനയെ എതിര്‍ത്തിരുന്നുവെന്നും അത് ഇപ്പോഴും തുടരുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. കോണ്‍ഗ്രസ് അംബേദ്കറെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി എന്ന് അവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ 'സവര്‍ക്കറും ഡാങ്കെയും തന്നെ പരാജയപ്പെടുത്തിയെന്ന് അംബേദ്കര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയതാണ് സത്യം. സംഘപരിവാറിന്റെ കള്ളങ്ങള്‍ തുറന്നുകാട്ടാന്‍ ഇത്തരം സത്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ വെക്കണം. യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തകള്‍ക്ക് താന്‍ പിന്തുണ നല്‍കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. യുക്തിയും ശാസ്ത്രീയ ചിന്തയും വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ശാസ്ത്രം പഠിക്കുകയും എന്നാല്‍ അന്ധവിശ്വാസങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഒരാളാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates