കെജരിവാളിന്റെ 'ചില്ലുകൊട്ടാരം' ടിക്കറ്റുവച്ച് കാണിക്കാന്‍ ബിജെപി

അതേസമയം, യമുനാനദിയിലെ മലിനീകരണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്ന് ആം ആദ്മി
Kejriwal’s ‘Sheesh Mahal’ to be opened for public viewing
കെജരിവാള്‍ മോടിപിടിപ്പിച്ച ഔദ്യോഗിക വസതി
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജരിവാള്‍ മോടിപിടിപ്പിച്ച ഔദ്യോഗിക വസതി അടുത്ത ആഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ടിക്കറ്റ് ബുക്കിങിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി 'ശീഷ് മഹല്‍' കാണാന്‍ അവസരം ഒരുക്കുമെന്നും ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും പൊതുമരാമത്ത് മന്ത്രി പര്‍വേശ് ശര്‍മ പറഞ്ഞു. കോടികള്‍ മുടക്കി കെജരിവാള്‍ മോടി പിടിപ്പിച്ചെന്ന് ബിജെപി ആരോപിക്കുന്ന ബംഗ്ലാവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവാദ വിഷയമായിരുന്നു.

'പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഞങ്ങള്‍ 'ശീഷ് മഹല്‍' തുറന്നുകൊടുക്കും. അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണം ഞങ്ങള്‍ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കും; സര്‍ക്കാര്‍ വാഹനം പോലും ഉപയോഗിക്കില്ലെന്ന് പറഞ്ഞ ഒരാള്‍ എങ്ങനെയാണ് മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളും ഇടിച്ചുനിരത്തി തനിക്കായി ഒരു ആഡംബര വസതി നിര്‍മ്മിച്ചതെന്ന് ജനങ്ങള്‍ കാണട്ടെ,'' മന്ത്രി പറഞ്ഞു.

ഭഗത് സിങിന്റെയും ഡോ. ബിആര്‍. അംബേദ്കറുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരൊറ്റ മുറി മാത്രമാണ് നേരത്തെ പൊതുജനങ്ങളെ കാണിച്ചിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിലകൂടിയ കര്‍ട്ടനുകള്‍, ഇറക്കുമതി ചെയ്ത വിയറ്റ്‌നാമീസ് മാര്‍ബിള്‍, സ്മാര്‍ട്ട് ലൈറ്റിംഗ് സംവിധാനങ്ങള്‍, ആഡംബര ഫിറ്റിങ്ങുകള്‍ എന്നിവയാണ് ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2015 മുതല്‍ 2024 വരെ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ കെജരിവാള്‍ ഇവിടെയായിരുന്നുു താമസിച്ചിരുന്നത്. 2025 ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ധൂര്‍ത്തും അഴിമതിയും തുറന്നുകാണിക്കാന്‍ വേണ്ടിയാണ് ബിജെപി ഈ വസതിക്ക് 'ശീഷ് മഹല്‍' എന്ന പേര് നല്‍കിയത്. അതേസമയം, യമുനാനദിയിലെ മലിനീകരണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER