

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപി സീല്‍ പതിച്ചതിനെ വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് നോട്ടീസ് അയച്ച് കേരള പൊലീസ്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും പോസ്റ്റ് നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
പൊലീസിന്റെ നോട്ടീസ് മഹുവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്സില്‍ പങ്കുവെച്ചിരുന്നെന്നും അത് 'സാമുദായിക ഐക്യം' ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും പൊലീസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു. 'വാനിഷ് കുമാര്‍' എന്നാണ് മഹുവ കമ്മീഷനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കും കേരള പൊലീസിന്റെ നോട്ടീസ് ലഭിച്ചിരുന്നു. കത്ത് സംബന്ധിച്ച് പോസ്റ്റ് ഇട്ടതിന് 270 എക്സ് അക്കൗണ്ടുകള്‍ക്കും 200 ഫേസ്ബുക് പേജുകള്‍ക്കും 90 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കേരള പൊലീസിന്റെ പ്രതികരണം. സംഭവത്തില്‍ കമ്മീഷന്‍ ഔദ്യോഗികമായി വിശദീകരണം നല്‍കുകയും നടപടിയെടുക്കുകയും ചെയ്തിട്ടും സമൂഹമാധ്യമങ്ങളില്‍ തുടരുന്ന പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്ന് വിലയിരുത്തിയാണ് പൊലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates