

കവരത്തി: ലക്ഷദ്വീപിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാൻ നീക്കം. സ്റ്റിയറിങ് കമ്മറ്റി രൂപികരിച്ച് ലീഗൽ സെൽ തയ്യാറാക്കാനാണ് തീരുമാനം. കമ്മിറ്റി അംഗങ്ങൾ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണും. ദ്വീപിലെ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
സ്റ്റിയറിങ്ങ് കമ്മറ്റിയിലെ അംഗങ്ങളെ നിർദ്ദേശിക്കാൻ രാഷട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ അഭിപ്രായ വത്യാസങ്ങൾ മാറ്റിവച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സർവകക്ഷി യോഗത്തിലെ തീരുമാനം. ദ്വീപ് എം പിയായ മുഹമ്മദ് ഫൈസൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും.
മറ്റന്നാൾ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്‌മിനിസ്ട്രേറ്റർക്കെതിരെ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഇതിനിടെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്‌ടർ അഷ്ക്കറലിക്കെതിരെയും പ്രതിഷേധം ഉയർന്നു. കിൽത്താൻ ദ്വീപിൽ കളക്‌ടറുടെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു.
ലക്ഷദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിനും പ്രഫുൽ പട്ടേൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടു. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്‌ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കിൽ രോഗികളെ കപ്പൽ മാർഗമേ മാറ്റാൻ സാധിക്കുകയുള്ളു. എയർ ആംബുലൻസ് സർവീസ് നടത്താൻ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates