

ന്യൂഡൽഹി: കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ പേരിൽ 18 വയസാകാറായവർ ഉൾപ്പെട്ട ബന്ധങ്ങളിൽ പോക്സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം.
സ്നേഹം മൗലികമായ മാനുഷികാനുഭവമാണ്. കൗമാരക്കാർക്ക് വൈകാരിക ബന്ധങ്ങളുണ്ടാക്കാൻ അവകാശമുണ്ട്. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും മാനിക്കാനും നിയമം മാറേണ്ടതുണ്ട്. കൗമാര ബന്ധങ്ങളുടെ കേസുകളിൽ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനൽക്കേസിൽ അകപ്പെടുമോയെന്ന ഭീതിയില്ലാതെ കൗമാരക്കാർക്ക് പ്രണയിക്കാനാകണം. കൗമാര കാലത്തെ സ്നേഹ ബന്ധങ്ങൾ സാധാരണമാണെന്നു തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും ജസ്റ്റിസ് ജസ്മീത് സിങ് ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകുന്നതിനു മുൻപ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി 18കാരനൊപ്പം വീടുവിട്ടുപോയ സംഭവത്തിൽ പോക്സോ ചുമത്തിയ കേസിലാണ് നിരീക്ഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates